
നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ അറ്റാദായം 92 ശതമാനം ഉയര്‍ത്തി കനറാ ബാങ്ക്. 2882 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. പലിശ വരുമാനം ഉയര്‍ന്നതും കിട്ടാക്കടം കുറഞ്ഞതുമാണ് ബാങ്കിന് നേട്ടമായത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 1502 കോടി രൂപയായിരുന്നു.
ആകെ വരുമാനം 4906 കോടി രൂപ ഉയര്‍ന്ന് 26,218 കോടിയിലെത്തി. 8600 കോടി രൂപയാണ് അറ്റപലിശ വരുമാനം. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ അറ്റപലിശ ഇനത്തില്‍ 6945 കോടി രൂപയായിരുന്നു ബാങ്കിന് ലഭിച്ചത്.
മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 7.80ല്‍ നിന്ന് 5.89 ശതമാനമായി കുറഞ്ഞു. 16.72 ശതമാനം ആണ് മൂലധന പര്യാപ്തത. കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് 3121 കോടി രൂപയാണ്.
11.51 ശതമാനം വളര്‍ച്ചയോടെ 1,163,470 കോടി രൂപയുടെ നിക്ഷേപങ്ങളാണ് ബാങ്കിനുള്ളത്. ഡിസംബര്‍ 31ലെ കണക്കുകള്‍ അനുസരിച്ച് കനറാ ബാങ്കിന് 9720 ബ്രാഞ്ചുകളും 10,754 എടിഎമ്മുകളുമുണ്ട്.
അറ്റാദായം ഉയര്‍ന്നത് ഓഹരി വിപണിയിലും നേട്ടമായി.