
പൊതുമേഖലാ ബാങ്കായ കനറാ ബാങ്കിന്റെ രണ്ട് ഉപസ്ഥാപനങ്ങള്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (Initial Public Offering -IPO) ഒരുങ്ങുന്നു. കനറാ റൊബേകോ അസറ്റ് മാനേജ്‌മെന്റ്, കനറാ എച്ച്.എസ്.ബി.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവയെ ഐ.പി.ഒ വിപണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ബാങ്കുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.
ഇതിനായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരുമായി കനറാ ബാങ്ക് ചര്‍ച്ച നടത്തുന്നതായാണ് വിവരം. ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍ക്കായുള്ള ഔദ്യോഗിക അഭ്യര്‍ത്ഥന(Formal Request for Proposal) ഉടനുണ്ടാകും.
ഓഹരി വില്‍പ്പന
കനറാ ബാങ്കിന് 51 ശതമാനവും ഒറിക്‌സ് കോര്‍പ്പറേഷന്‍ യൂറോപ്പ് എന്‍.വിക്ക് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് കനറാ റൊബേകോ അസറ്റ് മാനേജ്‌മെന്റ്.
കനറാ എച്ച്.എസ്.ബി.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ കനറാ ബാങ്കിന് 51 ശതമാനവും എച്ച്.എസ്.ബിസി, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയ്ക്ക് യഥാക്രമം 26 ശതമാനം, 23 ശതമാനം എന്നിങ്ങനെയും ഓഹരിവിഹിതമുണ്ട്.
കനറാ എ.എം.സിയുടെ പബ്ലിക് ഓഫറില്‍ കനറാ ബാങ്കും ഒറിക്‌സ് കോര്‍പ്പറേഷനും അവരുടെ നിശ്ചിത ഓഹരികള്‍ വീതം വിറ്റഴിച്ചേക്കും. അതേ സമയം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ കനറാ ബാങ്കിന്റെ കൈവശമുള്ള ഓഹരികള്‍ മാത്രമാകും വിറ്റഴിക്കുക എന്നാണ് സൂചന.
പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ ഫയലിംഗില്‍ കനറ എച്ച്.എസ്.ബി.സിയുടെ ഓഹരികള്‍ വിറ്റഴിക്കില്ലെന്നും നിക്ഷേപകരായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ ലയനത്തോടെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരികള്‍ ലഭിക്കുന്നത്.
അഞ്ചാമനാകാന്‍ കനറാ റൊബേകോ
ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ ഓഹരി വിപണിയിലേക്ക് എത്തുന്ന അഞ്ചാമത്തെ മ്യൂച്വല്‍ഫണ്ട് കമ്പനിയായി കനറാ റൊബേകോ എ.എം.സി മാറും. എച്ച്.ഡി.എഫ്.സി, നിപ്പോണ്‍ ലൈഫ്, യു.ടിഐ, ആദിത്യ ബിര്‍ള എന്നിവയാണ് നിലവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍.
2023 മാര്‍ച്ചിലെ കണക്കുകളനുസരിച്ച് 62,485 കോടി രൂപയുടെ ആസ്തിയാണ് രാജ്യത്തെ മ്യൂച്വല്‍ഫണ്ട് കമ്പനികളില്‍ 16-ാം സ്ഥാനത്തുള്ള കനറാ റൊബേകോ കൈകാര്യം ചെയ്യുന്നത്.