ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് പ്രശ്‌നത്തില്‍ സെബിയുടെ ഭാഗത്ത് പിഴവില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. ഓഹരിവിലയില്‍ അദാനി കൃത്രിമം നടത്തിയെന്ന ആരോപണം റെഗുലേറ്ററി പരാജയത്തെ കുറിക്കുന്നില്ല, സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 13 നിര്‍ദ്ദിഷ്ട ഇടപാടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അവ തട്ടിപ്പ് സ്വഭാവമുള്ളതാണോ എന്ന് വിലയിരുത്തുകയാണ് അവര്‍.ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സജീവമായി ശേഖരിക്കുന്നു.അതേസമയം അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് വെല്ലുവിളിയാണ്.
ഈ ഇടപാടുകള്‍ നടപ്പിലാകുമ്പോള്‍ റെഗുലേറ്ററി പരാജയമുണ്ടോ എന്ന കണ്ടെത്താന്‍ കഴിയില്ലെന്ന് വിദഗ്ദ്ധ സമിതി പറയുന്നു. മാത്രമല്ല ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ചില സ്ഥാപനങ്ങള്‍ അദാനി ഓഹരിയില്‍ ഷോര്‍ട്ട് പൊസിഷെനെടുക്കുകയും വില ഇടിഞ്ഞപ്പോള്‍ അത് സ്‌ക്വയര്‍ ഓഫ് നടത്തി ലാഭം നേടുകയും ചെയ്തു. സെബി തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
അദാനി ഓഹരികള്‍ക്ക് വിപണി വീണ്ടും വില നിശ്ചയിച്ചതായും പുനര്‍മൂല്യനിര്‍ണയം നടത്തിയതായും സമിതി അറിയിച്ചു. ”ജനുവരി 24 ന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയേക്കില്ലെങ്കിലും, പുതിയ വിലയില്‍ അവ സ്ഥിരത പുലര്‍ത്തുന്നു,” പ്രസ്താവന പറയുന്നു. 2023 ജനുവരി 24 ന് ശേഷം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അദാനി ഓഹരികളിലേക്കുള്ള എക്‌സ്‌പോഷര്‍ വര്‍ദ്ധിച്ചതായും സമിതി കണ്ടെത്തി.
മാത്രമല്ല, റഫറന്‍സ് കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണി അസാധാരണമായി അസ്ഥിരമായിരുന്നില്ല. ”അദാനി ഓഹരികളിലെ ചാഞ്ചാട്ടം തീര്‍ച്ചയായും ഉയര്‍ന്നതാണ്. ഇത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതും അതിന്റെ അനന്തരഫലങ്ങളും കാരണമാണ്,” റിപ്പോര്‍ട്ട് പറയുന്നു.