
മുംബൈ: ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ പദ്ധതി ഒക്‌ടോബർ ഒന്നുമുതൽ നടപ്പാക്കാൻ പൂർണസജ്ജമായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ജൂലായ് ഒന്നിന് നടപ്പാകേണ്ട പദ്ധതിയാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ അഭ്യർത്ഥനയെ തുടർന്ന് റിസർവ് ബാങ്ക് ഒക്‌ടോബർ ഒന്നിലേക്ക് നീട്ടിയത്.
2022 ജനുവരി ഒന്നിന് നടപ്പാക്കണമെന്നാണ് ആദ്യം റിസർവ് ബാങ്ക് നിർദേശിച്ചിരുന്നത്. ഇത് പിന്നീട് ജൂലായ് ഒന്നിലേക്ക് നീട്ടിയിരുന്നു. ടോക്കണുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനിയും സ്വീകാര്യത ലഭിച്ചിട്ടില്ലെന്നും പ്രവർത്തനഘടന സുഗമമല്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് റിസർവ് ബാങ്ക് കൂടുതൽ സാവകാശം അനുവദിച്ചത്. രാജ്യത്ത് ഇതുവരെ 20 കോടിയോളം കാർഡുകളാണ് ടോക്കണൈസ് ചെയ്‌തിട്ടുള്ളത്.
ഇടപാടുകൾ സുരക്ഷിതം
സെപ്തംബർ 30നുശേഷം ഉപഭോക്താക്കളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നമ്പർ, സി.വി.വി., കാലാവധി തുടങ്ങിയവ വിവരങ്ങൾ വ്യാപാരികൾക്കും ഇ-കൊമേഴ്സ് സേവനദാതാക്കൾക്കും ശേഖരിച്ച് സൂക്ഷിക്കാൻ അനുമതിയുണ്ടാവില്ല.
ഒക്‌ടോബർ ഒന്നുമുതൽ കാർഡിന് പകരം ടോക്കൺ/പ്രത്യേക കോഡ് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തേണ്ടത്. തട്ടിപ്പുകൾ തടഞ്ഞ് ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കുകയും ഉപഭോക്തൃവിവരങ്ങൾ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകേണ്ടെന്നതിനാൽ ഉപഭോക്തൃ വിവരങ്ങൾ ചോരില്ല.
ടോക്കണൈസേഷൻ
ആമസോൺ, ഫ്ളിപ്കാർട്ട്, സൊമാറ്റോ, ഗൂഗിൾപേ, പേടിഎം., നെറ്റ്‌ഫ്ളിക്‌സ് തുടങ്ങി ഓൺലൈൻ കമ്പനികൾക്കെല്ലാം ടോക്കണൈസേഷൻ പദ്ധതി ബാധകമാണ്.
പദ്ധതി നടപ്പായാൽ കാർഡ് വിവരങ്ങൾക്ക് പകരം 16-അക്ക ടോക്കൺ റഫറൻസ് നമ്പർ നൽകിയാൽ മതി.
ബാങ്കുകൾക്ക് വേണ്ടി മാസ്‌റ്റർകാർഡ്, വീസ, റൂപേ തുടങ്ങിയ കാർഡ് ഇഷ്യൂവിംഗ് കമ്പനികളാണ് ടോക്കണുകൾ ഉപഭോക്താക്കൾക്ക് നൽകുക.
ഓരോ ഉപഭോക്താവിനും പ്രത്യേകം (യുണീക്ക്) ടോക്കൺ ലഭിക്കും.