
മുംബൈ: സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.സി.ഐ) യില്‍ നിന്ന് സൗരോർജ കരാറുകൾ നേടിയെടുക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്ന യു.എസ് കോടതിയിലുളള കേസുകള്‍ കൈകാര്യം ചെയ്യാൻ രണ്ട് പ്രമുഖ നിയമ സ്ഥാപനങ്ങളെ അദാനി ഗ്രൂപ്പ് നിയമിച്ചു.
യു.എസ് നിയമ സ്ഥാപനങ്ങളായ കിർക്ക്‌ലാൻഡ് ആന്‍ഡ് എല്ലിസ്, ക്വിൻ ഇമാനുവൽ ഉർക്ഹാർട്ട് ആന്‍ഡ് സള്ളിവൻ എൽഎൽപി എന്നിവയെ നിയമിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഗൗതം അദാനിക്കും കൂട്ടാളികൾക്കും എതിരെ നവംബർ 21 നാണ് യു.എസ് അധികൃതര്‍ കുറ്റം ചുമത്തിയത്. യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും (എസ്.ഇ.സി) ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റുമാണ് അദാനിക്കെതിരെ കേസുകളുമായി മുന്നോട്ടു പോകുന്നത്.
ഗൗതം അദാനി, അനന്തരവന്‍ സാഗർ അദാനി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയുള്ള സിവിൽ, ക്രിമിനൽ നടപടികളാണ് പുരോഗമിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വ്യവഹാര സ്ഥാപനങ്ങളാണ് ഇവ. ബിസിനസ് വ്യവഹാരങ്ങളും മധ്യസ്ഥതയുമാണ് ലോസ് ഏഞ്ചൽസ് ആസ്ഥാനമായ ക്വിൻ ഇമ്മാനുവൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 88 ശതമാനം കേസുകളും വിജയിച്ചിട്ടുളള സ്ഥാപനമാണിത്.
കേസുകളില്‍ നിന്നും സെറ്റിൽമെൻ്റുകളില്‍ നിന്നുമായി 70 ബില്ല്യണ്‍ ഡോളറിലധികമാണ് നേടിയിട്ടുളളത്. ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, യൂബര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ഇവരുടെ കക്ഷികളാണ്.
ചിക്കാഗോ ആസ്ഥാനമായ കിർക്ക്‌ലാൻഡ് ആന്‍ഡ് എല്ലിസിന് ഏഷ്യയും യൂറോപ്പും ഉൾപ്പെടെ 21 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. പാരിസ്ഥിതിക കേസുകളിലും ഉൽപ്പന്ന ബാധ്യതാ കേസുകളിലും ജോൺസൺ ആൻഡ് ജോൺസൺ, ഫോക്‌സ്‌വാഗൺ തുടങ്ങിയവര്‍ക്കായും ഇവര്‍ വ്യവഹാരങ്ങള്‍ നടത്തിയിട്ടുണ്ട്.