
കൊച്ചി: ഇന്ത്യയിൽ നിന്നുള്ള കശുഅണ്ടി കയറ്റുമതി തുടർച്ചയായ 11-ാം മാസവും നഷ്‌ടത്തിലായി. സെപ്‌തംബറിൽ കയറ്റുമതി ഇടിവ് 38 ശതമാനമാണ്. 2.27 കോടി ഡോളറിന്റെ കയറ്റുമതിയാണ് കഴിഞ്ഞമാസം നടന്നത്. അന്താരാഷ്‌ട്ര വിപണിയിലെ കനത്ത മത്സരത്തിൽ പിടിച്ചുനിൽക്കാനാവാതെ കഴിഞ്ഞ നവംബർ മുതൽ കയറ്റുമതി തളരുകയാണ്.
ഏപ്രിലിൽ 34 ശതമാനവും മേയിൽ 30 ശതമാനവും ജൂണിൽ ആറ് ശതമാനവും ഇടിവ് കശുഅണ്ടി കയറ്റുമതി നേരിട്ടിരുന്നു. ജൂലായിൽ 26.62 ശതമാനവും ആഗസ്‌റ്റിൽ 31.5 ശതമാനവുമായിരുന്നു ഇടിവെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി.
വിശേഷ് കൃഷി ആൻഡ് ഗ്രാം ഉദ്യോഗ് യോജനയുടെ ഭാഗമായ കയറ്റുമതി ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ നിറുത്തലാക്കിയതും കശുഅണ്ടി കയറ്റുമതിയെ ബാധിക്കുന്നുവെന്ന് കർണാടക കാഷ്യൂസ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തൂക്കാറാം പ്രഭു പറഞ്ഞു.
ആഗോളതലത്തിൽ കശുഅണ്ടിക്ക് മികച്ച ഡിമാൻഡ് നിലനിൽക്കേയാണ് കേന്ദ്രം കയറ്റുമതി ഇൻസെന്റീവുകൾ നിറുത്തിലാക്കിയത്. ഇന്ത്യൻ കശുഅണ്ടി വിയറ്റ്‌നാം അടക്കം മറ്റ് പ്രമുഖ ഉത്പാദക രാജ്യങ്ങളിൽ നിന്നുള്ളവയെ അപേക്ഷിച്ച് മികച്ച നിലവാരമുള്ളവയാണ്. പക്ഷേ, കയറ്റുമതി ആനുകൂല്യങ്ങളില്ലാത്തത് തിരിച്ചടിയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ വിപണിയേക്കാൾ മികച്ചവില ആഭ്യന്തരവിപണിയിൽ കിട്ടുന്നതും കയറ്റുമതിയെ ബാധിക്കുന്നുണ്ട്. ആഭ്യന്തരവില വിദേശവിലയേക്കാൾ 15 ശതമാനം അധികമാണെന്നാണ് കേരളത്തിൽ നിന്നുള്ള കയറ്റുമതിക്കാർ ചൂണ്ടിക്കാട്ടുന്നത്.
കൂടുതൽ സ്‌റ്റോക്ക് ആഭ്യന്തരവിപണിയിൽ തന്നെ വിറ്റഴിക്കുകയാണ് അവർ ഇപ്പോൾ ചെയ്യുന്നത്. 630 രൂപയാണ് കിലോയ്ക്ക് ആഭ്യന്തര മൊത്തവില. കയറ്റുമതി വില 560 രൂപ മാത്രം. ഇന്ത്യയിലെ ശരാശരി വാർഷിക കശുഅണ്ടി ഉത്‌പാദനം 3.50-3.70 ലക്ഷം ടൺ.
ബാഗിന് (80 കിലോഗ്രാം) 3,600 രൂപയാണ് ഇന്ത്യയിൽ കശുവണ്ടി സംസ്കരണച്ചെലവ്. മുഖ്യ എതിരാളിയായ വിയറ്റ്‌നാമിൽ വെറും 800 രൂപയാണ്.