ബാംഗ്ലൂർ: പുതിയ ബിസിനസ് വെർട്ടിക്കലുകളുടെ ശക്തമായ പ്രകടനത്തിന്റെയും ഇന്ത്യയിലെ ചെറുപട്ടണങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള ശക്തമായ ഡിമാൻഡിന്റെയും പിൻബലത്തിൽ 225 കോടി രൂപയുടെ വരുമാനവും, 4,000 കോടി രൂപയുടെ മൊത്ത വ്യാപാര മൂല്യവും (GMV) നേടിയതായി അറിയിച്ച് ക്യാഷ്ബാക്ക് & കൂപ്പൺ പ്ലാറ്റ്‌ഫോമായ ക്യാഷ്‌കരോ. ഇടപാട് നടത്തുന്ന പങ്കാളികളുടെ എണ്ണം 1,500 ആയി വർധിപ്പിച്ചിട്ടുണ്ടെന്നും, ഇപ്പോൾ ഉപഭോക്താക്കൾക്ക് പുതിയ ബ്രാൻഡുകൾ കണ്ടെത്താനുള്ള ഇടമായി ഈ പ്ലാറ്റ്‌ഫോം മാറിയെന്നും ബിസിനസിനെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് ക്യാഷ്‌കരോയുടെ സഹസ്ഥാപകയായ സ്വാതി ഭാർഗവ പറഞ്ഞു. രണ്ട് വർഷം മുമ്പ് കമ്പനി ‘എൺകരോ’ എന്ന സോഷ്യൽ ക്യാഷ്ബാക്ക് ആപ്പ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ വർഷം കമ്പനി ആരംഭിച്ച മൂന്നാമത്തെ ബിസിനസ്സ് ക്യാഷ്കരോ സ്റ്റോർ നെറ്റ്‌വർക്കാണെന്നും, ഇത് വാക്ക്-ഇൻ ഉപഭോക്താക്കളിൽ നിന്ന് ഓർഡറുകൾ ശേഖരിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള 25,000 കിരാന സ്റ്റോറുകളുമായി പങ്കാളിത്തത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ ബിസിനസിന്റെ ഏകദേശം 30% എൺകരോയിൽ നിന്നും ബാക്കി 70% ക്യാഷ്കരോ സ്റ്റോർ നെറ്റ്‌വർക്കിൽ നിന്നുമാണ് വരുന്നത്. ഈ സാമ്പത്തിക വർഷം 350-400 കോടി രൂപ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ പ്രസ്തുത കാലയളവിൽ പുതിയ മേഖലകളിലേക്ക് ശാഖകൾ വ്യാപിപ്പിക്കാൻ ക്യാഷ്കരോ പദ്ധതിയിടുന്നു.