
മലയാളിയായ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, യുഎസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള ക്വാളിറ്റി കെയറുമായി പ്രഖ്യാപിച്ച ലയനത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (CCI) അനുമതി. ലയിച്ചുണ്ടായ കമ്പനി ഇനി ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്നറിയപ്പെടും.
ലയനത്തിന് മുമ്പായി, ക്വാളിറ്റി കെയറിന്റെ 5% ഓഹരികൾ നിലവിലെ പ്രൊമോട്ടർമാരായ ബിസിപി ഏഷ്യ, മൊറീഷ്യസ് ഹോൾഡിങ്സ് ലിമിറ്റഡ് (സെന്റെല്ല) എന്നിവയിൽ നിന്ന് ആസ്റ്റർ ഏറ്റെടുക്കും. ഇവ പകരം നേടുക ആസ്റ്ററിന്റെ പുതിയ ഓഹരികൾ ആയിരിക്കും. ആസ്റ്ററിനെ ക്വാളിറ്റി കെയറിന്റെ സഹ പ്രൊമോട്ടർ ആയി പരിഗണിച്ച് ലയനം സുഗമമാക്കാനാണിത്.
ലയിച്ചുണ്ടാകുന്ന കമ്പനിയിൽ ബിസിപി ഏഷ്യ, മൊറീഷ്യസ് ഹോൾഡിങ്സ് ലിമിറ്റഡ് എന്നിവ ന്യൂനപക്ഷ ഓഹരി പങ്കാളിത്തം നേടും. മൊറീഷ്യസ് ഹോൾഡിങ്സ് ലിമിറ്റഡ് 10 ശതമാനത്തിൽ താഴെ ഓഹരി പങ്കാളിത്തമാണ് നേടുക. ഇതിന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന്മേലുള്ള നിയന്ത്രണാവകാശവും ഉണ്ടാകില്ല.
യുഎസ് നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ളതാണ് ബിസിപി ഏഷ്യ. സെന്റെല്ല മറ്റൊരു യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലും.
ആസ്റ്ററും ക്വാളിറ്റി കെയറും തമ്മിലെ ലയനം കഴിഞ്ഞ നവംബറിലായിരുന്നു പ്രഖ്യാപിച്ചത്. ക്വാളിറ്റി കെയർ ഒരു അൺലിസ്റ്റഡ് കമ്പനിയാണ്.