മുംബൈ: ജിയോ സിനിമ ഒടിടിയെ വിയകോം18 മീഡിയയുമായി ലയിപ്പിക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. ബിടിഎസ് ഇൻവെസ്റ്റ്‌മെന്റ്, റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസസ് എന്നിവയുടെ നിക്ഷേപത്തെത്തുടർന്ന് ജിയോ സിനിമാ ഒടിടി പ്ലാറ്റ്‌ഫോമിനെ വിയകോം18 മീഡിയയുമായി ലയിപ്പിക്കാൻ അനുമതി നൽകിയതായി സിസിഐ ഒരു ട്വീറ്റിൽ അറിയിച്ചു.
ഏപ്രിലിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) വിയാകോം 18 എന്നിവ ബോധി ട്രീ സിസ്റ്റംസുമായി ഒരു തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി ബോധി ട്രീ വിയകോം 18 ൽ 13,500 കോടി രൂപ നിക്ഷേപിച്ചപ്പോൾ റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസസ് 1,645 രൂപ നിക്ഷേപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ടിവി, ഡിജിറ്റൽ സ്ട്രീമിംഗ് സ്ഥാപനങ്ങളിലൊന്നായി കമ്പനിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം.
പങ്കാളിത്തത്തിന് കീഴിൽ റിലയൻസിന്റെ ജനപ്രിയ ജിയോ സിനിമാ ഒടിടി ആപ്പ് വിയകോം18-ലേക്ക് സംയോജിപ്പിക്കും. ജെയിംസ് മർഡോക്കിന്റെ ലൂപ സിസ്റ്റംസിന്റെ നിക്ഷേപ സംരംഭ സ്ഥാപനമാണ് ബോധി ട്രീ സിസ്റ്റംസ് (ബിടിഎസ്). അതേസമയം ഐടി പിന്തുണാ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസസ്.
വിയകോം18 മീഡിയ അതിന്റെ ചാനലുകളുടെ പോർട്ട്‌ഫോളിയോയിലൂടെയും ‘Voot’ സ്ട്രീമിംഗ് ആപ്പിലൂടെയും മീഡിയ, വിനോദ സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.