മുംബൈ: ഇൻറ്റാസ് ഫാർമസ്യൂട്ടിക്കൽസിലെ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുക്കുന്നതിന് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് (എഡിഐഎ) കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. എഡിഐഎ അതിന്റെ ട്രസ്റ്റ് ആയ പ്ലാറ്റിനം ഔൾ വഴിയാണ് ഇൻറ്റാസ് ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരികൾ ഏറ്റെടുക്കുന്നത്.
ഇൻറ്റാസിന്റെ ഓഹരി മൂലധനത്തിന്റെ 3 ശതമാനം ഓഹരികൾ പ്ലാറ്റിനം ഔൾ ഏറ്റെടുക്കുന്നതാണ് നിർദിഷ്ട ഇടപാട്. ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളുടെ വികസനം, നിർമ്മാണം, വിപണനം എന്നിവയുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇൻറ്റാസ് ഫാർമസ്യൂട്ടിക്കൽസ്.
ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള ഇടപാടുകൾക്ക് റെഗുലേറ്ററിൽ നിന്നുള്ള അംഗീകാരം ആവശ്യമാണ്. അതേസമയം അബുദാബി സർക്കാരിന് വേണ്ടി ഫണ്ട് നിക്ഷേപിക്കുന്നതിനായി സ്ഥാപിതമായ ഒരു സോവറിൻ വെൽത്ത് ഫണ്ടാണ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി.