മുംബൈ: അംബുജ ലിമിറ്റഡിലെയും എസിസി ലിമിറ്റഡിലെയും ഹോൾസിമിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. ഹോൾഡറിൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ്, അംബുജ സിമന്റ്‌സ്, എസിസി എന്നിവയുടെ ഓഹരികൾ എൻഡവർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയതായി സിസിഐ ഒരു ട്വീറ്റിൽ അറിയിച്ചു.
ഹോൾഡറിൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ എൻഡവർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതാണ് നിർദ്ദിഷ്ട ഇടപാട്. എൻഡവർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്നത് മൗറീഷ്യസ് ആസ്ഥാനമായുള്ള കമ്പനിയാണ്, ഇത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലാണ്. അതേസമയം ഹോൾഡർഫിൻ ബിവിയുടെ ഉടമസ്ഥതയിലുള്ള ഹോൾഡറിൻഡ് ഇൻവെസ്റ്റ്‌മെന്റ് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഹോൾസിം ഗ്രൂപ്പിൽ പെടുന്നു, സിമന്റ് നിർമ്മാതാക്കളായ അംബുജ സിമന്റ്‌സിന്റെയും എസിസി ലിമിറ്റഡിന്റെയും ഹോൾഡിംഗ് കമ്പനിയാണിത്.
ഹോൾഡറിൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സിന് അംബുജ സിമന്റ്‌സിൽ 63.11 ശതമാനം ഓഹരിയും എസിസിയിൽ 4.48 ശതമാനം ഓഹരിയുമുണ്ട്. കൂടാതെ അംബുജയ്‌ക്ക് എസിസിയിൽ 50.05 ശതമാനം ഓഹരിയുണ്ട്. മെയ് മാസത്തിൽ, ഹോൾസിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളായ അംബുജ ലിമിറ്റഡ്, എസിസി ലിമിറ്റഡ് എന്നിവയിൽ നിയന്ത്രിത ഓഹരി ഏറ്റെടുക്കുന്നതിനുള്ള ഒരു കരാർ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.
അതോടൊപ്പം, അദാനി ഗ്രൂപ്പ് രണ്ട് കമ്പനികളുടെയും പൊതു ഓഹരി ഉടമകൾക്ക് സ്ഥാപനത്തിൽ 26 ശതമാനം വീതം ഓഹരികൾ ഏറ്റെടുക്കാൻ ഒരു ഓപ്പൺ ഓഫർ നൽകിയിരുന്നു. അംബുജ സിമന്റ്‌സിലെയും എസിസിയിലെയും 26 ശതമാനം വരെ ഓഹരികൾ വാങ്ങുന്നതിനുള്ള എൻഡവറിന്റെ ഓപ്പൺ ഓഫറും റെഗുലേറ്റർ അംഗീകരിച്ചു.