മുംബൈ: എസ്സാർ ഗ്രൂപ്പിന്റെ ചില തുറമുഖങ്ങളും പവർ ഇൻഫ്രാസ്ട്രക്ചർ ആസ്തികളും ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി.
എസ്സാർ പവർ ഹസിറ ലിമിറ്റഡ്, ഗാന്ധർ ഹസിറ ട്രാൻസ്മിഷൻ ലിമിറ്റഡ് എന്നീ ചില പവർ അസറ്റുകൾ ഏറ്റെടുക്കുന്നത് നിർദ്ദിഷ്ട ഇടപാടിൽ ഉൾപ്പെടുന്നു. കൂടാതെ തുറമുഖ ആസ്തികളിൽ ഹസിറ കാർഗോ ടെർമിനൽസ് ലിമിറ്റഡ്, ഐബ്രോക്സ് ഏവിയേഷൻ & ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എസ്സാർ ബൾക്ക് ടെർമിനൽ ലിമിറ്റഡ്, എസ്സാർ ബൾക്ക് എൽ ടെർമിനൽ, പാരദീപ് എന്നിവ ഉൾപ്പെടുന്നു.
സിസിഐയുടെ അനുമതി ലഭിച്ചതോടെ എസ്സാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ആസ്തികളെല്ലാം ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ ലിമിറ്റഡ് (എഎംഎൻഎസ്) ഏറ്റെടുക്കും. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ തുറമുഖ ആസ്തികളും ഹസിറയിലെ രണ്ട് വൈദ്യുത നിലയങ്ങളും ഒരു വൈദ്യുതി പ്രസരണ ലൈനും ഈ ഇടപാടിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം, എസ്സാർ ഗ്രൂപ്പ് ചില തുറമുഖങ്ങളും പവർ ഇൻഫ്രാസ്ട്രക്ചർ ആസ്തികളും ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീലിന് വിൽക്കുന്നതിനുള്ള 2.4 ബില്യൺ യുഎസ് ഡോളറിന്റെ (19,000 കോടി രൂപ) കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചിരുന്നു.