
ന്യൂഡെൽഹി: ജൂൺ പാദത്തിൽ ഏകീകൃത അറ്റാദായം 61 ശതമാനം ഇടിഞ്ഞ് 9 കോടി രൂപയായി കുറഞ്ഞതായി അറിയിച്ച് ഇന്ത്യയിലെ പ്രമുഖ ടയർ നിർമ്മാതാക്കളായ സിയറ്റ്. ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ വില ബിസിനസിനെ ബാധിച്ചതിനാലാണ് ലാഭം ഇടിഞ്ഞതെന്ന് കമ്പനി അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 23 കോടി രൂപ അറ്റാദായം നേടിയിരുന്നു. എന്നിരുന്നാലും, ജൂൺ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിലെ 1,906 കോടിയിൽ നിന്ന് 2,818 കോടി രൂപയായി വർധിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. അതേസമയം, വ്യാഴാഴ്ച എൻഎസ്ഇയിൽ സിയറ്റ് ലിമിറ്റഡിന്റെ ഓഹരികൾ 4.16 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 1,250.00 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒഇഎമ്മിലെയും റീപ്ലേസ്‌മെന്റ് സെഗ്‌മെന്റുകളിലെയും ശക്തമായ മുന്നേറ്റത്തിന്റെ സഹായത്താൽ ത്രൈമാസത്തിൽ ശക്തമായ ടോപ്പ്‌ലൈൻ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായും, വിഭാഗങ്ങളിലുടനീളം ഡിമാൻഡ് വർദ്ധിച്ചതിനാൽ തങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നത് തുടരുന്നതായും സിയറ്റ് ലിമിറ്റഡ് എംഡി അനന്ത് ഗോയങ്ക പറഞ്ഞു. അതേസമയം, ഈ പാദത്തിൽ പണമൊഴുക്കുകളിലും ചെലവുകളിലും കമ്പനി കർശനമായ നിയന്ത്രണം തുടർന്നുവെന്ന് സിയറ്റ് സിഎഫ്ഒ കുമാർ സുബ്ബയ്യ അഭിപ്രായപ്പെട്ടു. ആഗോള വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള മുൻനിര ടയർ നിർമ്മാതാക്കളാണ് സിയറ്റ് ലിമിറ്റഡ്. സിയറ്റ് എല്ലാ സെഗ്‌മെന്റിലുള്ള വാഹനങ്ങൾക്കും ടയറുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കമ്പനി ഹെവി-ഡ്യൂട്ടി ട്രക്കുകൾ, ബസുകൾ, ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ, മണ്ണുമാന്തി യന്ത്രങ്ങൾ, ട്രെയിലറുകൾ, എന്നിവയ്ക്കായി ലോകോത്തര റേഡിയലുകൾ നിർമ്മിക്കുന്നു.