കോട്ടയം: റബ്ബര്‍ കയറ്റുമതിക്കാർക്ക് കേന്ദ്ര സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചു. ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബർ വിലവർധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
കോട്ടയത്ത് ചേർന്ന റബർ ബോർഡ് മീറ്റിംഗിലാണ് തീരുമാനം അറിയിച്ചത്. യോഗ തീരുമാനം ആശ്വാസകരമെന്ന് കയറ്റുമതികാർ പ്രതികരിച്ചു.
ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇൻസൻറ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടൺ വരെ കയറ്റുമതി ചെയ്യുന്നവർക്ക് 2 ലക്ഷം രൂപാ ഇൻസന്റീവ് ലഭിക്കും. ഈ തീരുമാനം കയറ്റുമതിക്കാരെ റബർ ബോർഡ് അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.
റബർ ബോർഡ് മീറ്റിംഗിൽ 30 പേർ പങ്കെടുത്തു. കയറ്റുമതിക്കാരുമായും ഡീലേഴ്‌സുമായും റബർബോർഡ് ചർച്ച നടത്തി. ഉൽപ്പാദന കുറവ് വലിയ ആശങ്ക ഉണ്ടാക്കുന്നതായി കയറ്റുമതിക്കാർ പറഞ്ഞു. ജൂൺ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇൻസന്റീവ് പ്രഖ്യാപിച്ചത്.
ആര്‍എസ്എസ് 1 മുതൽ ആര്‍എസ്എസ് 4 വരെ ഉൽപ്പന്നങ്ങൾക്ക് ഇൻസ്റ്റീവ് ലഭിക്കും. ക്രൂഡ് ഓയിൽ വിലയും കാലാവസ്ഥയും റബർ വില ഉയരാൻ കാരണമായിട്ടുണ്ട്. വരുന്ന രണ്ട് വർഷത്തേക്ക് കർഷകർക്ക് സബ്സിഡി സ്കീമുകളും കൊണ്ടുവരും.
റബ്ബറിനെ കാർഷിക ഉൽപ്പന്നമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും സർക്കാർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറുമെന്നും റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.