ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ സമഗ്രമായ മാറ്റത്തിന് കേന്ദ്രം നീങ്ങുന്നതായി റിപ്പോർട്ടുകൾ. കുറഞ്ഞ പി.എഫ്. പെൻഷൻ വർധിപ്പിക്കൽ, വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽനിന്ന് ഭാഗികമായി തുക പിൻവലിക്കാൻ അനുമതിനൽകൽ തുടങ്ങിയ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പെൻഷൻഫണ്ടിലേക്കുള്ള വിഹിതം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേൽപ്പരിധി 15,000 രൂപയാണ്. ഇത് വർധിപ്പിക്കാനും ആലോചനയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മിനിമം പി.എഫ്. പെൻഷൻ ഇപ്പോഴത്തെ 1000 രൂപയിൽനിന്ന് ഉയർത്താനും നീക്കമുണ്ടെന്നാണ് അറിയുന്നത്.
പി.എഫിൽനിന്ന് തുക പിൻവലിക്കുന്നത് ലളിതമാക്കാനും തൊഴിൽമന്ത്രാലയം നടപടി തുടങ്ങി. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് തുക പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കും. വലിയതരത്തിലുള്ള മാറ്റങ്ങളാണ് ഇ.പി.എഫിൽ ലക്ഷ്യമിടുന്നതെന്ന് തൊഴിൽമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, പദ്ധതിയിൽ അഴിച്ചുപണിവരുമ്പോൾ ജീവനക്കാർക്ക് എത്രത്തോളം ഗുണകരമായ വ്യവസ്ഥകളാകും അതിലുണ്ടാവുകയെന്നറിയാൻ ഇനിയും കാത്തിരിക്കണം.