കൊച്ചി: വിലക്കയറ്റ ഭീഷണി ഒഴിഞ്ഞതോടെ സവാളയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഭാഗികമായി പിൻവലിക്കുന്നു.
മഹാരാഷ്ട്രയിൽ നിന്നും ഇന്ത്യയുടെ ആറ് അയൽരാജ്യങ്ങളിലേക്ക് 99,500 ടൺ സവാള കയറ്റുമതി നടത്താൻ ഇന്നലെ സർക്കാർ അനുമതി നൽകി. മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് രണ്ടായിരം ടൺ വെളുത്തുള്ളി കയറ്റി അയക്കുന്നതിനും കമ്പനികൾക്ക് അനുമതി ലഭിച്ചു.
ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബറിലാണ് സവാള കയറ്റുമതിക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ബംഗ്ളാദേശ്, യു. എ. ഇ, ഭൂട്ടാൻ, ബഹ്റിൻ, മൗറീഷ്യസ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് സവാള കയറ്റുമതി നടത്താനാണ് അനുമതി.
കഴിഞ്ഞ വിളവെടുപ്പ് സീസണിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിൽ കനത്ത ഇടിവ് നേരിട്ടതോടെ ഇന്ത്യയിൽ സവാള വില കുത്തനെ ഉയർന്നിരുന്നു. ഇതോടെയാണ് ആഭ്യന്തര വിപണിയിൽ വില പിടിച്ചുനിറുത്തുന്നതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സവാളയുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്.