
ന്യൂഡല്‍ഹി: അമേരിക്കയുമായി വ്യാപാര കരാറിന് ശ്രമം തുടങ്ങി ഇന്ത്യ. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന തരത്തിലുള്ള നികുതി ഇളവുകളുള്‍പ്പെടുന്ന കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നത്. നികുതിയുടെ കാര്യത്തില്‍ എന്തൊക്കെ സമീപനങ്ങള്‍ സ്വീകരിക്കണമെന്ന കാര്യത്തിലുള്ള ചർച്ചകളാണ് വിവിധ മന്ത്രാലയങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്.
യു.എസ്. ഉത്പന്നങ്ങള്‍ക്ക് മറ്റു രാജ്യങ്ങള്‍ ചുമത്തുന്ന നികുതിക്ക് തുല്യമായ നികുതി അവരുടെ ഉത്പന്നങ്ങള്‍ക്ക് യു.എസിലും ചുമത്തുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.
എന്നാല്‍ ഇത് ഏതെങ്കിലും രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ടാണോ, അതോ മറ്റേതെങ്കിലും മാനദണ്ഡങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ വിശദമായാലേ നികുതി സംബന്ധിച്ച കാര്യങ്ങളില്‍ എന്തൊക്കെ സമീപനം വേണമെന്ന് തീരുമാനിക്കാനാകു.
അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്നു എന്നതാണ് ട്രംപിന്റെ ആരോപണം. ശരാശരി 17% നികുതിയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക്മേല്‍ ചുമത്തുന്നത്. നികുതി 50 ശതമാനത്തില്‍ കൂടാൻ പാടില്ല എന്നതാണ് ലോക വ്യാപാര സംഘടനയുടെ നയം.
ഇതനുസരിച്ചാണ് ഇന്ത്യ നികുതി അതിനുള്ളില്‍ നിർത്തിയിരിക്കുന്നത്. 17 ശതമാനത്തില്‍നിന്ന് ഇനിയും നികുതി കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
2030 ആകുമ്ബോഴേക്കും ഇരുരാജ്യങ്ങളും തമ്മില്‍ 500 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. ട്രംപിന്റെ ആദ്യത്തെ ടേമില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ചെറിയൊരു വ്യാപാര കരാറിലെത്തിയിരുന്നു. എന്നാല്‍ ബൈഡൻ സർക്കാർ വന്നതിന് പിന്നാലെ ഇത് മരവിപ്പിച്ചു. പഴയ കരാറിന്റെ മാതൃകയില്‍ പുതിയ വ്യപാര കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് വിവരം.
ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അമേരിക്ക. നിലവില്‍ 80 മുതല്‍ 90 ശതമാനം വരെയുള്ള അമേരിക്കൻ ഉത്പന്നങ്ങള്‍ ട്രംപ് പറയുന്നതുപോലെ ഉയർന്ന നികുതി ഇന്ത്യ ചുമത്തുന്നില്ല. അതിനാല്‍ ട്രംപിന്റെ റെസിപ്രോക്കല്‍ താരിഫ് നയം ഇന്ത്യയെ അധികം ബാധിക്കില്ല എന്നാണ് വിലയിരുത്തല്‍.