ന്യൂഡൽഹി: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രം. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പാണ് നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
കെസിസി വായ്പകളുടെ പരിധി വര്‍ധിപ്പിക്കാനും, ആത്മനിര്‍ഭര്‍ നിധിക്ക് സമാനമായ ഒരു പദ്ധതി ആവിഷ്‌കരിക്കാനുമാണ് ശ്രമം.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനു കീഴില്‍ മൂന്നു, നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നിശ്ചയിച്ച് വായ്പാ പരിധി ഉയര്‍ത്താന്‍ ശ്രമിക്കുന്നതായി കഴിഞ്ഞ മാസം സിഐഐ ഫിനാന്‍സിങ് 3.0 ഉച്ചകോടിയില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ സെക്രട്ടറി എംപി തങ്കിരാള വ്യക്തമാക്കിയിരുന്നു.
കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉദ്യമങ്ങള്‍ക്ക് മതിയായതും, സമയബന്ധിതവുമായ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ് 1998 ലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം ആരംഭിച്ചത്.
പദ്ധതിക്കു കീഴില്‍ പരമാവധി വായ്പാ പരിധി 3 ലക്ഷം രൂപയാണ്. കെസിസി അക്കൗണ്ടുകളിലെ കുടിശിക 9.81 ലക്ഷം കോടി രൂപയായി വര്‍ധിച്ചതോടെ പല ധനകാര്യ സ്ഥാപനങ്ങളും പുതിയ വായ്പ ആവശ്യങ്ങളോട് മുഖം തിരിച്ചിരുന്നു.
കേന്ദ്ര പിന്തണതുള്ള ഈ പദ്ധതി കര്‍ഷകള്‍ക്ക് 2% പലിശ ഇളവും, 3% പ്രോംപ്റ്റ് തിരിച്ചടവ് ഇന്‍സെന്റീവും വാഗ്ദാനം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ പദ്ധതിക്കു കീഴില്‍ വാര്‍ഷിക പലിശ നിരക്ക് 4 ശതമാനം മാത്രമാണ്.
തുടക്കത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ പദ്ധതി, 2004-ല്‍ അനുബന്ധ, കാര്‍ഷികേതര പ്രവര്‍ത്തനങ്ങളിലേയ്ക്കും സഹായം നീട്ടി.
തെരുവ് കച്ചവടക്കാര്‍ക്കായി സര്‍ക്കാര്‍ അവതരിപ്പിച്ച പിഎം സ്ട്രീറ്റ് വെണ്ടര്‍ ആത്മനിര്‍ഭര്‍ നിധിയുടെ വിജയം, പാട്ടക്കാരായ കര്‍ഷകര്‍ക്കും സമാനമായ ഒരു ക്രമീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമാക്കി.
കര്‍ഷകര്‍ക്ക് ഏകജാലകത്തിലൂടെ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് കൃത്യസമയത്തും, മതിയായ വായ്പാ സഹായം ലഭ്യമാക്കുകയാണ് കെസിസിയുടെ പ്രവര്‍ത്തന ലക്ഷ്യം.
വിള കൃഷിക്കുള്ള ഹ്രസ്വകാല വായ്പ, വിളവെടുപ്പിനു ശേഷമുള്ള ചെലവുകള്‍ക്കുള്ള ധനസഹായം, ഉല്‍പ്പന്ന വിപണന വായ്പകള്‍, കര്‍ഷക കുടുംബങ്ങളുടെ ഉപഭോഗ ആവശ്യങ്ങള്‍, കാര്‍ഷിക ആസ്തികളുടെ പരിപാലനത്തിനും അനുബന്ധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മൂലധനം, കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിക്ഷേപ വായ്പ ആവശ്യകതകള്‍ എന്നിവ ഇന്ന് കെസിസിയുടെ കീഴില്‍ വരുന്നു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന ലഭിക്കുന്ന ഹ്രസ്വകാല വായ്പകള്‍ക്കായുള്ള പരിഷ്‌കരിച്ച പലിശ സബ്വെന്‍ഷന്‍ സ്‌കീം വിപുലീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
യോഗ്യരായ കര്‍ഷകര്‍ക്ക് സബ്സിഡി പലിശ നിരക്കില്‍ 3 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കാനാണ് തീരുമാനം. പരിഷ്‌ക്കരിച്ച പലിശ സബ്വെന്‍ഷന്‍ സ്‌കീമിന് കീഴില്‍, അര്‍ഹരായ കര്‍ഷകര്‍ക്ക് 7% കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും.
കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 3% അധിക പലിശ ഇളവും ലഭിക്കും. 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പലിശ ഇളവ് നിരക്ക് 1.5% ആയിരിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.