
ന്യൂഡൽഹി: ചെറിയ കൃഷിയിടത്ത് കൂടുതൽ വിളവ് നേടുന്ന ബ്രസീലിയൻ കൃഷി രീതി രാജ്യത്ത് പരീക്ഷിക്കാൻ കേന്ദ്ര കൃഷി മന്ത്രാലയം തയാറെടുക്കുന്നു.
സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം, കാര്യക്ഷമമായ ഭൂവിനിയോഗം, സുസ്ഥിര കൃഷി എന്നിവയിലൂടെ വിളവ് വർധിപ്പിക്കുന്ന മാതൃക ഇന്ത്യയിലും നടപ്പാക്കാനാണ് ശ്രമം.
കേന്ദ്ര കൃഷി മന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ ബ്രസീൽ സന്ദർശനത്തിനു പിന്നാലെയാണ് തീരുമാനം. സോയാബീൻ, ചോളം, തക്കാളി കൃഷി രീതികളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷിക്കുക.
നിലവിൽ രാജ്യത്തെ സോയാബീൻ വിളവെടുപ്പിൽ 15 ദശലക്ഷം ടണ്ണിന്റെ വിളവ് ലഭിച്ചെങ്കിലും ബ്രസീലിന്റെ ശരാശരി വാർഷിക ഉൽപാദനമായ 169 ദശലക്ഷം ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് തീരെ കുറവാണ്. കൂടാതെ 3.7 ദശലക്ഷം ടൺ സോയാബീൻ എണ്ണയാണ് പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്.
ബ്രസീലിന്റെ സാങ്കേതികവിദ്യാധിഷ്ഠിത കൃഷി രീതികൾ നടപ്പാക്കുന്നതിലൂടെ സോയാബീൻ ഉൽപാദനവും എണ്ണ നിർമാണവും ഉയർത്താനാവുമെന്ന പ്രതീക്ഷയിലാണ് കൃഷി മന്ത്രാലയം.
മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുക, ജലസേചനത്തിൽ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക, വള പ്രയോഗത്തിനായി ജിപിഎസ്-ഗൈഡഡ് ഉപകരണങ്ങൾ, ഡ്രോണുകൾ എന്നിവ ഉപയോഗിക്കുക, ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് കൃഷി വിലയിരുത്തുക തുടങ്ങിയ മാർഗങ്ങളാണ് ബ്രസീൽ കൃഷിയിൽ സ്വീകരിച്ചിരിക്കുന്നത്.