
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സമർപ്പിച്ച രണ്ട് വൻ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സ്വദേശ് ദർശൻ 2.0 സ്കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി.
ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്ബുഴ ഉദ്യാനവും പാർക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്. ഒന്നാം ഗഡുവായി 10 ശതമാനം തുക അനുവദിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്‌ട് റിപ്പോർട്ട് ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. കേന്ദ്ര മോണിറ്ററിങ് കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം ഓരോ പദ്ധതിയുടെയും ആകെ ചെലവിന്റെ 10 ശതമാനം അനുവദിച്ചു. ഇതിൻപ്രകാരം ആലപ്പുഴ പദ്ധതിക്ക് 9.31 കോടി രൂപയും മലമ്ബുഴ പദ്ധതിക്ക് 7.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടർ വണ്ടർലാൻഡ്’ എന്ന പദ്ധതിക്ക് 9317.17 ലക്ഷം രൂപയും മലമ്ബുഴ ഉദ്യാനവും പാർക്കും മോടിപിടിപ്പിക്കുന്നതിന് 7,587.43 ലക്ഷം രൂപയുമാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴയിലെയും മലമ്പുഴയിലെയും പുതിയ ടൂറിസം പദ്ധതികള്‍ക്കുള്ള കേന്ദ്ര സർക്കാർ അനുമതി കേരള ടൂറിസത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ആലപ്പുഴയിലെ ജലാശയങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടർ വണ്ടർലാൻഡ് എന്ന പദ്ധതി തെക്കൻ കേരളത്തിലെ പുതിയ ടൂറിസം ആകർഷണകേന്ദ്രമാകും എന്ന കാര്യത്തില്‍ സംശയമില്ല.
വടക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ മലമ്പുഴയുടെ ആകർഷണീയത ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഉയരും. മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഈ മാസം ആദ്യം തലസ്ഥാനം സന്ദർശിച്ചപ്പോള്‍ അദ്ദേഹത്തോട് ഈ വിഷയങ്ങള്‍ സംസാരിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ ജലാശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടർ വണ്ടർലാൻഡ് പദ്ധതിയില്‍ ബീച്ച് ഫ്രണ്ട് വികസനം, കനാല്‍ പരിസര വികസനം, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനല്‍, സാംസ്കാരിക-സാമൂഹ്യ പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
തീം പാർക്കുകള്‍, വാട്ടർ ഫൗണ്ടനുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ലാൻഡ്സ്കേപ്പിംഗ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, സുസ്ഥിര മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവയുടെ വികസനമാണ് മലമ്പുഴയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 മാർച്ച് 31ന് മുമ്പ് രണ്ട് പദ്ധതികളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.