Alt Image
സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 2050 ഓടെ മൂന്നിരട്ടിയാകുമെന്ന്വൻ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രിവിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും ബജറ്റിൽ വാരിക്കോരിബജറ്റ് 2025: കർഷകർക്ക് തലോടൽ; സംരംഭകർക്കും നിരാശപ്പെടേണ്ട, സാധാരണക്കാർക്കായി നികുതി ഇളവ്

കേന്ദ്രബജറ്റ്: സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ പരിഷ്കരിക്കാൻ സാധ്യത

കൊച്ചി: ദിവസേനയെന്നോണം റെക്കോർഡുകൾ സൃഷ്ടിച്ചു കുതിക്കുന്ന സ്വർണവിലയിൽ കാര്യമായി സ്വാധീനമുണ്ടാക്കുന്നതാവും ഇത്തവണത്തെ ബജറ്റെന്നാണു ലഭിക്കുന്ന സൂചനകൾ.

15 ശതമാനമായിരുന്ന ഇറക്കുമതിത്തീരുവയിൽ 9% കുറവു വരുത്തി, 6 ശതമാനത്തിലേക്കു കുറയ്ക്കാനുള്ള തീരുമാനം കഴിഞ്ഞ ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. വലിയ നികുതിയിളവിന്റെ ഫലമായി ഒരു പവന്റെ വിലയിൽ 3560 രൂപയുടെ കുറവും വന്നു.

തീരുവ കുറഞ്ഞതോടെ ഇറക്കുമതി കുതിച്ചുയർന്നു. ബജറ്റിനു ശേഷമുള്ള മാസം 104 ശതമാനമായിരുന്നു സ്വർണ ഇറക്കുമതിയിലെ വർധന.

കൃത്യമായ കണക്കുകളില്ലെങ്കിലും സ്വർണക്കള്ളക്കടത്തിലും ഗണ്യമായ കുറവു വന്നിട്ടുണ്ടെന്ന് മേഖലയിലുള്ളവർ തന്നെ വ്യക്തമാക്കുന്നു. തൊട്ടടുത്ത മാസങ്ങളിൽ ഇറക്കുമതിയിൽ വലിയ കുതിച്ചു ചാട്ടങ്ങളുണ്ടായില്ലെങ്കിലും ഡിസംബറിൽ പുറത്തുവന്ന, നവംബറിലെ ഇറക്കുമതി കണക്കുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായിരുന്നു.

വ്യാപാരക്കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ്) റെക്കോർഡ് ഉയരത്തിൽ. 14.8 ബില്യൻ ഡോളറിന്റെ സ്വർണ ഇറക്കുമതി. ആകെ ഇറക്കുമതിയുടെ 21% സ്വർണം. പിന്നീട് സ്വർണത്തിന്റെ ഇറക്കുമതി സംബന്ധിച്ച കണക്കു കൂട്ടലുകളിൽ തിരുത്തുണ്ടെന്നു കേന്ദ്രം അറിയിച്ചെങ്കിലും വ്യാപാരക്കമ്മിയും ഇറക്കുമതിയും ഉയർന്നുതന്നെ നിൽക്കുന്നു.

അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിനുശേഷം ഡോളർ കരുത്താർജിക്കുകയും വിദേശനിക്ഷേപകരുടെ പിൻമാറ്റം നിർബാധം തുടരുകയും ചെയ്യുകയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 87ന്റെ പരിസരത്തേക്ക് ഇടിഞ്ഞു.

അസംസ്കൃത എണ്ണവില 80 ഡോളറിനടുത്തു തുടരുന്നു. ജിഡിപി വളർച്ച നിരക്കു കുറയുക കൂടി ചെയ്ത സാഹചര്യത്തിൽ വ്യാപാരക്കമ്മി കുറച്ചുകൊണ്ടുവന്ന് സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്.

ബജറ്റിൽ നികുതി ഉയർത്തി ഇറക്കുമതി നിയന്ത്രിക്കണമെന്ന നിർദേശമാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, നികുതി 3 ശതമാനത്തിലേക്കു കുറയ്ക്കണമെന്ന് വ്യവസായ മേഖലയിൽ നിന്ന് ആവശ്യവുമുണ്ട്.

നികുതി ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടായാൽ വില ഇനിയും ഉയരും. രാജ്യാന്തര കാരണങ്ങൾക്കൊണ്ട് വില അനുദിനം ഉയരുന്നതിനാൽ വലിയതോതിലുള്ള വർധന പെട്ടെന്നുണ്ടാകും.

നികുതി ഇനിയും കുറയ്ക്കാനുള്ള സാധ്യതകൾ കുറവാണെങ്കിലും പരിഷ്കരിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്. ധനമന്ത്രി നിർമല സീതാരാമന്റെ തീരുമാനം എന്തുതന്നെയായാലും സ്വർണവിലയെ സംബന്ധിച്ചിടത്തോളം ബജറ്റ് നിർണായകമാണ്.

റിസർവ് ബാങ്കിന്റെ ഗോൾഡ് ബോണ്ട് പദ്ധതിയെപ്പറ്റിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതി അവസാനിപ്പിക്കുന്നു എന്നു കേന്ദ്രം ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ ഫെബ്രുവരിക്കുശേഷം നിക്ഷേപകർക്കായി ബോണ്ട് ഇഷ്യു ചെയ്തിട്ടില്ല.

X
Top