
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ രണ്ട് ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. 53 ശതമാനത്തിൽ നിന്നും 55 ശതമാനമാക്കി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം.
2024 ജൂലൈയിലാണ് ഇതിന് മുമ്പ് കേന്ദ്രസർക്കാർ ഡി.എ വർധിപ്പിച്ചത്. 50 ശതമാനത്തിൽ നിന്നും 53 ആക്കിയായിരുന്നു അന്ന് ഡി.എ ഉയർത്തിയത്.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡി.എ വർധനവുണ്ടാവില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി പരമാവധി രണ്ട് ശതമാനം മാത്രമായിരിക്കും ഈ വർഷം കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡി.എ വർധിക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ.
ഈ റിപ്പോർട്ടുകൾ ശരിവെക്കുന്ന തീരുമാനമാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്.
സാധാരണയായി മൂന്ന് ശതമാനത്തിനും നാല് ശതമാനത്തിനും ഇടക്ക് ഡി.എ വർധനയാണ് സർക്കാർ സാധാരണ നൽകാറ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ 18 മാസത്തേക്ക് കേന്ദ്രസർക്കാർ ഡി.എ വർധനവ് സർക്കാർ മരവിപ്പിച്ചിരുന്നു.
2020 ജനുവരി മുതൽ 2021 ജൂൺ വരെയാണ് ഡി.എ വർധനവ് മരവിപ്പിച്ചത്. ഇക്കാലയളവിൽ ഡി.എ വർധിപ്പിച്ചില്ല.
വർഷത്തിൽ രണ്ട് തവണയാണ് സാധാരണയായി ഡി.എ വർധിപ്പിക്കുക. മാർച്ച് മാസത്തിൽ ജനുവരി ജൂൺ കാലയളവിലേക്കും ഒക്ടോബറിൽ ജൂലൈ-ഡിസംബർ വരെയുള്ള കാലയളവിലേക്കും ഡി.എ വർധിപ്പിക്കും.