
ന്യൂഡൽഹി: ഹോളി എത്തുന്നതോടെ ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരമുള്ള ഡിഎ വർധന ഹോളിക്ക് മുമ്പ് പ്രഖ്യാപിച്ചേക്കും എന്ന് സൂചന.
ഡിഎ വർധന ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു ശതമാനം വർധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന് കീഴിൽ ഡിഎ വർദ്ധന പ്രഖ്യാപിച്ചാൽ ഇതിൻ്റെ പ്രയോജനം 12 ദശലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ലഭിക്കുക.
ഇതോടെ ജീവനക്കാരുടെ ഡിഎ നിലവിലുള്ള അടിസ്ഥാന ശമ്പളത്തിൻ്റെ 53 ശതമാനം എന്നതിൽ നിന്ന് 55 ശതമാനമായി ഉയരും. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
2024 ഒക്ടോബറിലാണ് അവസാനമായി ക്ഷാമബത്ത വർധന പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മൂന്നു ശതമാനമാണ് ഡിഎ വർധന ലഭിച്ചത്. നേരത്തത്തെ 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ആണ് ഡിഎ ഉയർന്നത്.
2024 ജൂലൈ ഒന്നു മുതലാണ് ഡിഎ വർധന പ്രാബല്യത്തിൽ വന്നത്. പെൻഷൻകാർക്കും ഡിആർ ലഭിച്ചിരുന്നു. ക്ഷാമബത്ത കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൻ്റെ ഭാഗമാണ്. പെൻഷൻകാർക്കും പണപ്പെരുപ്പത്തിന് ആനുപാതികമായി സർക്കാർ ഡിആർ പ്രഖ്യാപിക്കുന്നത് മൂലമുള്ള പ്രയോജനം ലഭിക്കാറുണ്ട്.
പണപ്പെരുപ്പം വർധിക്കുന്നതിന് അനുസരിച്ച് തുക ഉയരാം
രാജ്യമെമ്പാടുമുള്ള ഉപഭോക്തൃ വില സൂചികയുടെ 12 മാസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കുന്നത്.
പണപ്പെരുപ്പത്തിലെ വർധന അടിസ്ഥാനമാക്കിയായിരിക്കും ഡിഎയിലുണ്ടാകുന്ന വർധന. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാൻ സർക്കാർ നൽകുന്ന ക്ഷാമബത്ത ജീവനക്കാർക്ക് സഹായകരമാകും. സർക്കാർ എല്ലാ വർഷവും ജനുവരി, ജൂൺ മാസങ്ങളിൽ അലവൻസുകളുടെ പേഔട്ട് പരിഷ്കരിക്കാറുണ്ട്.
ഡിഎ കണക്കാക്കുന്നതെങ്ങനെ?
12 മാസത്തെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ ശരാശരി കണക്കാക്കിയാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധന.
കേന്ദ്ര പൊതുമേഖലാ ജീവനക്കാർക്ക് മൂന്നുമാസത്തെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ഡിഎ വർധന കണക്കാക്കുന്നത്.