
ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയ്ക്ക് അടുത്ത ബജറ്റിൽ സബ്സിഡി അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്.
കഴിഞ്ഞ സാമ്പത്തികവർഷം വിൽപ്പനയിലുണ്ടായ നഷ്ടം നികത്താൻ 35,000 കോടി രൂപയോളം കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകുമെന്നാണ് പുറത്തുവരുന്ന വിവരം.
അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചിട്ടും 2024 മാർച്ച് മുതൽ മൂന്ന് കമ്പനികളും ഗാർഹിക എൽപിജി സിലിണ്ടറിന്‍റെ വിലയായ 803 രൂപയിൽ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു.
ഇതേത്തുടർന്ന് ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ (നിലവിലെ 2024-25 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതി) മൂന്ന് കമ്പനികളുടെ വരുമാനത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചിരുന്നു.
ഏകദേശം 40,500 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ 10,000 കോടി രൂപ, അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 25,000 കോടി രൂപ എന്ന രീതിയിലായിരിക്കും സബ്സിഡി നൽകുക.
2025ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചേക്കും.