
ന്യൂഡല്‍ഹി: 2023-24 ബജറ്റില്‍ വകയിരുത്തിയ കാപക്‌സ് തുക- 10 ലക്ഷം കോടി രൂപ-യുടെ 60 ശതമാനമെങ്കിലും നവംബറോടെ ഉപയോഗിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നു. പരമ്പരാഗതമായി സ്വീകരിക്കുന്ന നയത്തില്‍ നിന്നുള്ള വ്യതിചലനമാണിത്. സാധാരണയായി മണ്‍സൂണ്‍ മഴയ്ക്ക് ശേഷവും വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് മൂലധനച്ചെലവിന്റെ ഭൂരിഭാഗവും നടക്കുന്നത്.
എന്നാല്‍ അടുത്തുവരുന്ന തെരഞ്ഞെടുപ്പും വളര്‍ച്ചാ വേഗത നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയും കൂടുതല്‍ തുക ചെലവഴിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നു. കാപെക്‌സിന്റെ വലിയൊരു ഭാഗം നവംബറോടെ ഉപയോഗിക്കാന്‍ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
റെയില്‍വേ, ഹൈവേ തുടങ്ങിയ വന്‍കിട ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയങ്ങളും അടുത്ത കുറച്ച് മാസങ്ങളില്‍ മൂലധന ചെലവ് വര്‍ദ്ധിപ്പിക്കും.കേന്ദ്രസര്‍ക്കാരിന്റെ പ്രതിമാസ അക്കൗണ്ടുകളിലും കാപെക്‌സിനുള്ള ഊന്നല്‍ പ്രകടമാണ്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കേന്ദ്രം 2.78 ലക്ഷം കോടി രൂപ അല്ലെങ്കില്‍ മുഴുവന്‍ വര്‍ഷത്തെ ലക്ഷ്യമായ 10 ലക്ഷം കോടിയുടെ 27.8 ശതമാനം വിനിയോഗിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 1.75 ലക്ഷം കോടി രൂപമാത്രമാണ് ചെലവഴിച്ചിരുന്നത്.മെയ് മാസത്തില്‍ 89,332 കോടി രൂപ ചെലവഴിച്ചത് ജൂണില്‍ 1,10,691 കോടി രൂപയായി ഉയര്‍ന്നു.
കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക വീണ്ടെടുക്കലിനുള്ള മാര്‍ഗമായി ഉയര്‍ന്ന മൂലധന ചെലവ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തത്.നിക്ഷേപം വ്യാപിപ്പിക്കാന്‍ സ്വകാര്യമേഖല മടിച്ച കാലം കൂടിയായിരുന്നു അത്.