തിരുവനന്തപുരം: സംസ്ഥാനം തന്നെ കരാർ വിളിച്ച്, പണം മുടക്കി മീറ്റർ സ്ഥാപിക്കുന്ന ക്യാപ്പിറ്റൽ എക്സ്പെൻഡിച്ചർ (കാപ്പെക്സ്) മാതൃകയിൽ സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാൻ കേരളത്തിനു കേന്ദ്രാനുമതി.
കരാർ കമ്പനി മുഴുവൻ തുകയും ചെലവഴിച്ചു മീറ്റർ സ്ഥാപിച്ചു പരിപാലിക്കുകയും ചെലവു തുക ഗഡുക്കളായി തിരിച്ചു പിടിക്കുകയും ചെയ്യുന്ന ടോട്ടൽ എക്സ്പെൻഡിച്ചർ (ടോട്ടെക്സ്) മാതൃകയാണ് കേന്ദ്രം നിർദേശിച്ചിരുന്നത്. ഇതു സ്വീകാര്യമല്ലെന്ന നിലപാടിലായിരുന്നു കേരളം.
കേന്ദ്രാനുമതി ലഭിച്ചതോടെ ആദ്യഘട്ടമായി 3 ലക്ഷം സ്മാർട് മീറ്റർ വാങ്ങാനുള്ള ടെൻഡറിലേക്കു കടക്കാൻ കെഎസ്ഇബി തീരുമാനിച്ചു. 90,000 ട്രാൻസ്ഫോമറുകൾക്കും എല്ലാ സർക്കാർ ഓഫിസുകൾക്കും വ്യവസായ ഉപയോക്താക്കൾക്കും ആദ്യഘട്ടത്തിൽ സ്മാർട് മീറ്റർ സ്ഥാപിക്കും.
സ്വകാര്യ കമ്പനികൾക്കൊപ്പം കെൽട്രോണും ടെൻഡറിൽ പങ്കെടുത്തേക്കും. 2025ൽ കേരളത്തിൽ 37 ലക്ഷം സ്മാർട് മീറ്ററുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
സ്മാർട് മീറ്റർ സ്ഥാപിച്ചാൽ മാത്രമേ ആർഡിഎസ്എസ് (റീ വാംബ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പദ്ധതിയിലൂടെയുള്ള ധനസഹായം നൽകൂ എന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു. 4000 കോടിയിലധികം രൂപയാണ് ഇത്തരത്തിൽ ലഭിക്കേണ്ടത്.
സ്മാർട് മീറ്റർ സ്ഥാപിക്കാൻ 15% തുക ഗ്രാന്റ് ആയും കേന്ദ്രം നൽകും. ടോട്ടെക്സ് രീതി നടപ്പാക്കണമെന്ന കേന്ദ്രനിർദേശത്തെ സിപിഎം പൊളിറ്റ്ബ്യൂറോയും കെഎസ്ഇബി ജീവനക്കാരുടെ ഭൂരിഭാഗം സംഘടനകളും എതിർത്തിരുന്നു.
2022 ഡിസംബറിൽ ഈ നിലപാട് അറിയിച്ചെങ്കിലും കേന്ദ്രം അനുമതി നൽകാത്തതിനെ തുടർന്നാണ് പദ്ധതി വൈകിയത്.
സ്മാർട് മീറ്റർ വന്നാൽ
വിതരണനഷ്ടം കുറയ്ക്കാനും വൈദ്യുതി വാങ്ങൽ ചെലവു നിയന്ത്രിക്കാനും സഹായകരം. വൈദ്യുതി ഉപയോഗം പരിശോധിക്കാനും ആവശ്യമെങ്കിൽ വിഛേദിക്കാനും നേരിട്ട് ആൾ എത്തേണ്ട ആവശ്യമില്ല.
ഉപയോക്താക്കൾക്ക് പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതി ആവശ്യമാണെന്നു സ്മാർട് മീറ്ററിൽ രേഖപ്പെടുത്താം. ഉപയോഗം കൂടുമ്പോൾ മുന്നറിയിപ്പു സന്ദേശങ്ങൾ ലഭിക്കും. വേണ്ടിവന്നാൽ വൈദ്യുതി ടോപ് അപ് ചെയ്യാം.