ന്യൂഡൽഹി: ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയ്ക്ക് (ക്രൂഡോയിൽ) ചുമത്തുന്ന വിൻഡ്ഫോൾ ടാക്സ് (Windfall Tax) കുറച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇതോടെ ഒരു ടൺ ക്രൂഡോയിലിനുള്ള വിൻഡ്ഫോൾ ടാക്സ് 6,700 രൂപയായി താഴ്ന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഒരു ടൺ ക്രൂഡോയിലിന്മേൽ 7,100 രൂപയിരുന്നു വിൻഡ്ഫോൾ ടാക്സ് ഇനത്തിൽ കേന്ദ്ര സർക്കാർ ചുമത്തിയിരുന്നത്. ഓഗസ്റ്റ് 14നായിരുന്നു വർധന പ്രഖ്യാപിച്ചത്.
അതേസമയം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഡീസലിനുള്ള പ്രത്യേക അധിക എക്സൈസ് തീരുവ (Special Additional Excise Duty- SAED), ഒരു ലിറ്ററിന് 6 രൂപയിലേക്ക് ഉയർത്തി.
നിലവിൽ കയറ്റുമതി ചെയ്യുന്ന ഡീസലിനുള്ള പ്രത്യേക എക്സൈസ് തീരുവ, ലിറ്ററിന് 5.50 രൂപയാണ്. അതുപോലെ വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF), കയറ്റുമതി ചെയ്യുമ്പോഴും ചുമത്തുന്ന അധിക നികുതി കേന്ദ്രം വർധിപ്പിച്ചു.
കയറ്റുമതി ചെയ്യുന്ന ഒരു ലിറ്റർ എടിഎഫിന്റെ നികുതി 4 രൂപയായാണ് വർധിപ്പിച്ചത്. നിലവിൽ ഇത് 2 രൂപ വീതമായിരുന്നു.