ന്യൂഡല്‍ഹി: ഭക്ഷ്യവില ഉയരുകയും അത് മൊത്തം പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുകയും ചെയ്തതോടെ വിതരണ പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചാ വിഷയമായി. വിതരണ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് റിസര്‍വ ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്.
ഇത് പ്രകാരം ഭക്ഷ്യ സബ്സിഡി 1.97 ട്രില്ല്യണ്‍ രൂപയില്‍ നിന്ന് 2.38 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. കൂടാതെ സൗജന്യ ഭക്ഷ്യ പദ്ധതിയുടെ കാലാവധി ഡിസംബര്‍ വരെ നീട്ടുകയും ചെയ്തു. പച്ചക്കറികള്‍, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ സ്റ്റോക്കുകള്‍ നേരിട്ട് വിപണിയിലിറക്കി.
ഏഴ് വര്‍ഷത്തിനിടെ ആദ്യമായി രാജ്യം പഞ്ചസാര കയറ്റുമതി നിരോധിക്കുകയാണ്. പ്രധാന അരി ഇനങ്ങളുടെ കയറ്റുമതി കഴിഞ്ഞമാസം നിരോധിച്ചിരുന്നു. ഉത്സവ സീസണില്‍ ഡിമാന്റ് വര്‍ധിക്കുന്നതിനാല്‍ പഞ്ചസാര വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സാഹചര്യത്തിലാണ് പഞ്ചസാര കയറ്റുമതി നിര്‍ത്തുന്നത്. 2023 ഡിസംബര്‍ മുതല്‍ 2024 ഫെബ്രുവരി വരെ എല്‍ നിനോ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷ്യവിളകളുടെ വിളവ് കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു.
ജൂലൈയില്‍ ചില്ലറ പണപ്പെരുപ്പം കേന്ദ്രബാങ്ക് സഹനപരിധിയും കടന്ന് 15 മാസത്തെ ഉയരത്തിലെത്തിയിരുന്നു. ഭക്ഷ്യവില പണപ്പെരുപ്പമാണ് ഉപഭോക്തൃ സൂചിക പണപ്പെരുപ്പം ഉയര്‍ത്തിയത്. മണ്‍സൂണ്‍ കുറഞ്ഞതും വിളനാശവും വിതരണ പ്രശ്നങ്ങളുമാണ് ഭക്ഷ്യവില ഉയര്‍ത്തുന്നത്.