ന്യൂഡൽഹി: ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന പ്രഖ്യാപിത നയത്തിന് കൂടുതല്‍ കരുത്തേകുന്നതിനായി ഈ മേഖലയില്‍ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ.
ആത്മനിർഭർ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹന സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതിനായി 14,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. ഇ-വാഹനങ്ങളുടെ സാങ്കേതികവിദ്യക്കായി ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം.
വൈദ്യുത വാഹനങ്ങളുടെ ബാറ്ററി സാങ്കേതികവിദ്യ, പവർ ട്രെയിനുകള്‍, ചാർജിങ് സംവിധാനങ്ങള്‍ എന്നിവ പ്രദേശികമായി വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള അനുസന്ധൻ നാഷണല്‍ റിസേർച്ച് ഫൗണ്ടേഷനും (എ.എൻ.ആർ.എഫ്). ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ചേർന്ന് വിശാലമായ ഇ.വി. ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇതിനോടകം ആരംഭിച്ചതായാണ് റിപ്പോർട്ടുകള്‍.
രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനായി വരുന്ന അഞ്ച് വർഷത്തിനുള്ളില്‍ 14,000 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ഈ മേഖലയില്‍ നടത്തുകയെന്നാണ് വിലയിരുത്തല്‍.
ആദ്യ മൂന്ന് വർഷം ഇലക്‌ട്രിക് വാഹന ബാറ്ററിയുടെയും ഇതിന്റെ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിനാണ് മുൻതൂക്കം നല്‍കുക. ചാർജിങ്ങ് സംവിധാനം ഉള്‍പ്പെടെയുള്ളവ ഭാവി പദ്ധതിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്‌ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ പലതും ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍, ഈ ഇറക്കുമതി പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികളാണ് എ.എൻ.ആർ.എഫ്. ഒരുക്കുന്നത്.
ഇതിനായി വൈദ്യത വാഹനങ്ങളുടെ ഘടകങ്ങള്‍ പ്രദേശികമായി വികസിപ്പിക്കുന്നതിനുള്ള നീക്കണാണ് ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്ന് എ.എൻ.ആർ.എഫ് മേധാവി അഭയ് കരണ്ടികർ അറിയിച്ചു.