
ന്യൂഡൽഹി: ഉത്പാദനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
നിലവിൽ ഉള്ളി കയറ്റുമതിക്ക് 20% തീരുവയാണ് ഈടാക്കുന്നത്. റാബി വിളകൾക്ക് നല്ല വിളവ് ലഭിച്ചതിനെ തുടർന്ന്, മൊത്ത വ്യാപാര വിപണികളിലും ചില്ലറ വിൽപ്പന വിപണികളിലും വില കുറഞ്ഞ സാഹചര്യത്തിൽ കർഷകർക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ ഉള്ളി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തവില കൂടുതലാണെങ്കിലും, നിലവിലെ രാജ്യത്തെ വിലയിൽ നിന്ന് 39% കുറവുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപ്പന വില 10% കുറഞ്ഞു.
ആഗോള വിപണിയിൽ ഇന്ത്യയുടെ വിപണി വിഹിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കകൾ കണക്കിലെടുത്താണ് കയറ്റുമതി തീരുവ ഒഴിവാക്കാനുള്ള തീരുമാനം.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഉള്ളിയുടെ വില ക്വിന്റലിന് 2,270 രൂപയിൽ നിന്ന് 1,420 രൂപയായി കുറഞ്ഞു. അതായത്, ക്വിന്റലിന് 850 രൂപയുടെ കുറവ്.