ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാർത്താ വിതരണ മന്ത്രാലയം.
അനലോഗ് സിഗ്നലുകള്‍ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റല്‍ സിഗ്നലുകള്‍ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങള്‍ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു.
ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് സമ്പ്രദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി ‘ഇന്ത്യയിലെ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാവി’ എന്ന വിഷയത്തില്‍ ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ സഞ്ജയ് ജാജു പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സ്റ്റേഷനുകള്‍, ഡിജിറ്റല്‍ റേഡിയോ സിഗ്നലുകള്‍ പ്രക്ഷേപണം ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ നിർമിക്കുന്ന ട്രാൻസ്മിഷൻ ഉപകരണ നിർമാതാക്കള്‍, ഡിജിറ്റല്‍ റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കുകയും ഡീകോഡ് ചെയ്യുകയും ചെയ്യുന്ന ഡിജിറ്റല്‍ റേഡിയോ റിസീവർ നിർമാതാക്കള്‍ എന്നിവർ പുതിയ സമ്ബ്രദായത്തിലൂടെ ഒറ്റ പ്ലാറ്റ്ഫോമിലെത്തും.
വരും മാസങ്ങളില്‍ 13 മെട്രോകളിലും പ്രധാന നഗരങ്ങളിലും ഡിജിറ്റല്‍ എഫ്.എം. റേഡിയോ പ്രക്ഷേപണം ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്നും വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു വ്യക്തമാക്കി.
ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്സ് അസോസിയേഷനും അസോസിയേഷൻ ഓഫ് റേഡിയോ ഓപ്പറേറ്റേഴ്സ് ഫോർ ഇന്ത്യയും സഹകരിച്ചാണ് പരിപാടി നടത്തിയത്.
നേട്ടങ്ങള്‍
പരമ്പരാഗത അനലോഗ് റേഡിയോ പ്രക്ഷേപണത്തേക്കാള്‍ മികച്ച ശബ്ദനിലവാരം
സ്പെക്‌ട്രല്‍ കാര്യക്ഷമത ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണ സാങ്കേതികവിദ്യക്ക് നല്‍കാനാകും
ഡിജിറ്റല്‍ റേഡിയോ സിഗ്നലുകള്‍ ബാഹ്യ ഇടപെടലിനെ പ്രതിരോധിച്ച് മികച്ച ശബ്ദനിലവാരം നല്‍കുന്നു.
കൂടുതല്‍ ചാനലുകളെ ഉള്‍ക്കൊള്ളാൻ ഡിജിറ്റല്‍ റേഡിയോക്ക് കഴിയും
ശ്രോതാക്കള്‍ക്ക് കൂടുതല്‍ സ്റ്റേഷനുകളിലേക്കും ഉള്ളടക്കത്തിലേക്കും പ്രവേശനം നല്‍കും
ടെക്സ്റ്റ് വിവരങ്ങള്‍, ഇമേജുകള്‍, വീഡിയോ എന്നിവ പോലുള്ള അധിക ഡേറ്റാ സേവനങ്ങള്‍ ലഭിക്കും.
റേഡിയോ ബ്രോഡ്കാസ്റ്റർമാർ, ട്രാൻസ്മിഷൻ ഉപകരണ നിർമാതാക്കള്‍, ഡിജിറ്റല്‍ റേഡിയോ റിസീവർ നിർമാതാക്കള്‍ എന്നിവർക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും.