മുംബൈ: സ്‌പെഷ്യാലിറ്റി സ്റ്റീലിനായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് കീഴിലുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 15 വരെ നീട്ടി കേന്ദ്ര സർക്കാർ. നേരത്തെ ജൂലൈ 31 ആയിരുന്നു അപേക്ഷകൾ നൽകേണ്ട അവസാന തീയതി. ഇപ്പോൾ അഞ്ചാം തവണയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി നീട്ടുന്നത്.
പങ്കാളിത്തം, യോഗ്യത, മറ്റ് പാരാമീറ്ററുകൾ എന്നിവയുടെ മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ അറിയിച്ചിരുന്നു, അവ പോർട്ടലിൽ ലഭ്യമാണ്. താൽപ്പര്യമുള്ള കമ്പനികൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പുതുക്കിയ സമയപരിധിക്ക് മുമ്പ് അപേക്ഷിക്കാം. സ്പെഷ്യാലിറ്റി സ്റ്റീലിനായി 2023-24, 2029-30 വർഷങ്ങളിൽ 6,322 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ നടപ്പാക്കുന്ന പിഎൽഐ പദ്ധതിക്ക് 2021-ൽ കേന്ദ്രം അംഗീകാരം നൽകിയിരുന്നു.
രാജ്യത്തിനകത്ത് ഇത്തരം ഗ്രേഡുകളുള്ള സ്റ്റീൽ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയും മൂല്യ ശൃംഖലയിൽ ഈ മേഖലയെ ഉയർത്താൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് വർദ്ധിച്ച വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജിഡിപിയിലേക്ക് ഏകദേശം 4 ശതമാനം ചേർക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 2.4 ലക്ഷം കോടി രൂപയുടെ ഇൻസെന്റീവുകൾ നൽകാനാണ് പിഎൽഐ സ്കീം ലക്ഷ്യമിടുന്നത്, അതിൽ ഭൂരിഭാഗവും ഇലക്ട്രോണിക്സ്, ഓട്ടോ ഘടകങ്ങൾ, ഫാർമ എന്നിവയിലേക്കാണ് പോകുന്നത്.