ന്യൂഡല്‍ഹി: ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളുടെ ലിസ്റ്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചു. പട്ടികയിലില്ലാത്ത അപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കും. നീക്കം ചെയ്യപ്പെട്ട ആപ്പുകള്‍ നിയന്ത്രണാധികാരങ്ങളെ മാനിക്കുന്നവയല്ലെന്നും അവ ഏതെങ്കിലും നോണ്‍ ഫിനാന്‍സ് കമ്പനി(എന്‍ബിഎഫ്‌സി)കളുടേതല്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
“ഞങ്ങള്‍ ഒരു ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളും നിരോധിച്ചിട്ടില്ല. നിയന്ത്രിത ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളോട് അവര്‍ ഉപയോഗിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് പങ്കിടാന്‍ ആവശ്യപ്പെട്ടു. ഈ പട്ടിക ധനമന്ത്രാലയത്തിന് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു. റെഗുലേറ്ററുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ നീക്കം ചെയ്യാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്,” ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ രാജേശ്വര റാവു അറിയിക്കുന്നു.
തങ്ങളുടെ നിയന്ത്രണത്തിന് അതീതമായി ഒരു സ്ഥാപനത്തിനും വായ്പ നല്‍കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ബാങ്കുകള്‍ക്കും ധനകാര്യ കമ്പനികള്‍ക്കും ആപ്പുകള്‍ പുറത്തിറക്കാമെങ്കിലും അവയുടെ വിശദാംശങ്ങള്‍ റെഗുലേറ്ററിന് സമര്‍പ്പിക്കേണ്ടിവരും. നിയമവിരുദ്ധ ഓണ്‍ലൈന്‍ വായ്പ സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നേരത്തെ നടപടി എടുത്തിരുന്നു.
കിഷ്റ്റ്, പേയൂവിന്റെ ലേസി പേ തുടങ്ങിയ ഫിന്‍ടെക്കുകള്‍ നടപടി നേരിട്ടവയില്‍ ഉള്‍പ്പെടുന്നു. പല ഡിജിറ്റല്‍ പണമിടപാടുകാരും വായ്പ തിരിച്ചടക്കുന്നതിന് അനാശാസ്യ രീതികള്‍ സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്. ഡിജിറ്റല്‍ വായ്പാ ദാതാക്കളുടെ ഉപദ്രവത്തെത്തുടര്‍ന്ന് വായ്പയെടുത്തവര്‍ ആത്മഹത്യ ചെയ്ത രണ്ട് സംഭവങ്ങളുണ്ടായി.
തുടര്‍ന്ന് ഡിജിറ്റല്‍ വായ്പാ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്രബാങ്ക് തയ്യാറായി.