ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍, വികേന്ദ്രീകരണ റവന്യൂ കമ്മി (പിഡിആര്‍ഡി) ഗ്രാന്റിന്റെ ആറാം ഗഡു സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. 7,183 കോടി രൂപയാണ് ഈയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാവുക. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമുള്ള ഗ്രാന്റാണ് ഇത്.
ഭരണഘടനയുടെ 275ാം അനുച്ഛേദത്തിന് കീഴില്‍ വരുന്ന ഗ്രാന്റുകളാണ് പിഡിആര്‍ഡി. അധികാരവിഭജനത്തിന് ശേഷമുള്ള സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടുകളിലെ വിടവ് നികത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്. 14 സംസ്ഥാനങ്ങള്‍ക്ക് മൊത്തം റവന്യൂ കമ്മി ഗ്രാന്റായി 86,201 കോടി രൂപ നല്‍കണമെന്നാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ.
ഇത് പ്രകാരം 12 തുല്യ പ്രതിമാസ ഗഡുക്കളായി തുക വിതരണം ചെയ്യും. ഇതില്‍ ആറാമത്തേതാണ് ഇപ്പോള്‍ നല്‍കിയ 7183 കോടി രൂപ. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച റവന്യൂ കമ്മി ഗ്രാന്റിന്റെ ആകെ തുക 43,100.50 കോടി രൂപയായി ഉയര്‍ന്നു.
കേരളമുള്‍പ്പടെ ആന്ധ്രപ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് 15ാം ധനകാര്യ കമ്മീഷന്‍ പിഡിആര്‍ഡി ഗ്രാന്റുകള്‍ ശുപാര്‍ശ ചെയ്ത്. ഇതുവരെ 6,793.50 കോടി രൂപ ലഭ്യമായ പശ്ചിമ ബംഗാളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈപറ്റിയത്.
കേരളത്തിനും ആന്ധ്രാപ്രദേശിനും മൊത്തം യഥാക്രമം 6,587 കോടി രൂപയും 5,274.50 രൂപയും ലഭിച്ചു. ആറാം ഗഡുവായി 1097.83 കോടി രൂപയാണ് കേരളത്തിന് ലഭ്യമാവുക.