ന്യൂഡൽഹി: നടപ്പു വിളവെടുപ്പ് സീസണിലെ (2022-23 ഏപ്രിൽ-മാർച്ച്) ഗോതമ്പ് സംഭരണം ലക്ഷ്യമിട്ടതിനേക്കാൾ 57 ശതമാനം കുറഞ്ഞതോടെ കേന്ദ്രത്തിന് നേട്ടം 76,000 കോടിയോളം രൂപ. 2021-22ൽ 433.44 ലക്ഷം ടൺ ഗോതമ്പ് സംഭരിച്ചിരുന്നു. നടപ്പുവർഷം ഇത് 56.6 ശതമാനം താഴ്‌ന്ന് 187.93 ലക്ഷം ടണ്ണാണെന്നാണ് വിലയിരുത്തൽ. 444 ലക്ഷം ടണ്ണാണ് നടപ്പുവർഷം ഉന്നമിട്ടിരുന്നത്.
താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്-എം.എസ്.പി) ഇനത്തിൽ 89,466 കോടി രൂപയും അധികച്ചെലവായി 13,727.37 കോടി രൂപയും ചേർത്ത് നടപ്പുവർഷം 1,03,193.37 കോടി രൂപയാണ് കേന്ദ്രം സംഭരണച്ചെലവ് പ്രതീക്ഷിച്ചത്. വിതരണച്ചെലവായ 29,054.96 കോടി രൂപയും ചേരുമ്പോൾ ആകെച്ചെലവ് 1.32 ലക്ഷം കോടി രൂപ.
സംഭരണം കുറഞ്ഞതോടെ വിതരണച്ചെലവിലെ മാത്രം നേട്ടം 16,756.85 കോടി രൂപയാണെന്ന് വിലയിരുത്തുന്നു. ഇതിനകം സംഭരിച്ച ഗോതമ്പിന്റെ വകയിൽ ഭക്ഷ്യമന്ത്രാലയത്തിന്റെ ചെലവ് 55,976.83 കോടി രൂപയാണ്. ഫലത്തിൽ കേന്ദ്രത്തിന് ലാഭമാകുന്നത് 76,000 കോടി രൂപ. ഈ പണം കേന്ദ്രത്തിന് മറ്റ് സബ്സിഡി ബാദ്ധ്യതകൾ വീട്ടാനോ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിക്കായി വകയിരുത്താനോ കഴിയും.
കേന്ദ്രത്തിന്റെ സബ്സിഡികൾ
(തുക ലക്ഷം കോടിയിൽ)
ഭക്ഷ്യസബ്സിഡി
2021-22 : ₹2.95
2022-23 : ₹2.07
വളം സബ്സിഡി
2021-22 : ₹1.4
2022-23 : ₹1.05
പി.എം.ജി.കെ.വൈ
2021-22 : ₹1.61
2022-23 : ₹0.81