ന്യൂഡൽഹി: പെട്രോളിയം ക്രൂഡ്, ഏവിയേഷൻ ടർബൈൻ ഇന്ധനം, ഡീസൽ എന്നിവയുടെ വിൻഡ് ഫാൾ ടാക്‌സ് വെട്ടിക്കുറച്ചതായി കേന്ദ്രം പ്രഖ്യാപിച്ചു. ക്രൂഡ് പെട്രോളിയത്തിന്റെ പ്രത്യേക അധിക എക്സൈസ് തീരുവ (SAED) ടണ്ണിന് 12,100 രൂപയിൽ നിന്ന് 9,050 രൂപയായി കുറച്ചു.
പെട്രോളിയം ക്രൂഡിന്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 10,000 രൂപയിൽ നിന്ന് 12,100 രൂപയായി കേന്ദ്രം ഉയർത്തിയത് സെപ്റ്റംബർ 30ന് ആയിരുന്നു.
കൂടാതെ, ഡീസൽ കയറ്റുമതിയുടെ വിൻഡ് ഫാൾ ടാക്സ് ലിറ്ററിന് 5 രൂപയിൽ നിന്ന് 4 രൂപയായി കുറച്ചു. കൂടാതെ, ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) തീരുവ ലിറ്ററിന് 2.5 രൂപയിൽ നിന്ന് ഒരു രൂപയായി കേന്ദ്രം കുറച്ചു.
നരേന്ദ്ര മോദി സർക്കാർ 2022 ജൂലൈയിലാണ് വിൻഡ് ഫാൾ പ്രോഫിറ്റ് ടാക്‌സ് അവതരിപ്പിച്ചത്. ആഭ്യന്തര വിപണിയിൽ വിൽക്കുന്നതിനുപകരം വിദേശ വിപണികളിലെ ശക്തമായ റിഫൈനിംഗ് മാർജിനുകളിൽ നിന്ന് ലാഭം കൊയ്യാൻ സ്വകാര്യ റിഫൈനർമാർ താൽപ്പര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഗ്യാസോലിൻ, ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിക്കും പിന്നീട് നികുതി ചുമത്തി.