![](https://www.livenewage.com/wp-content/uploads/2022/08/idbi-ban.jpeg)
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്ക് ലിമിറ്റഡില്‍ 51 ശതമാനത്തിലധികം ഓഹരി പങ്കാളിത്തത്തിന് വിദേശ ഫണ്ടുകളെ അനുവദിച്ചേക്കും. നിലവിലെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിയമം വിദേശീയരുടെ ഉടമസ്ഥാവകാശം വിലക്കുന്നു. എന്നാല്‍ ആര്‍ബിഐയുടെ റെസിഡന്‍സി മാനദണ്ഡം പുതുതായി സജ്ജീകരിച്ച ബാങ്കുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും ഐഡിബിഐ ബാങ്ക് പോലുള്ള നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമാകില്ലെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് പറയുന്നു.
വിദേശ ഫണ്ടുകളുടേയും ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടേയും കണ്‍സോര്‍ഷ്യത്തിന് മാനദണ്ഡം ബാധകമല്ല, സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയെ ഐഡിബിഐ ബാങ്കില്‍ ലയിപ്പിച്ചാല്‍ ഷെയറുകളുടെ അഞ്ച് വര്‍ഷ ലോക്ക്-ഇന്‍ പിരീഡില്‍ ഇളവ് അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ അതിന്റെ ഓഹരികള്‍ ഓഫ്ലോഡ് ചെയ്യാന്‍ ശ്രമിക്കുന്ന ചുരുക്കം ചില വായ്പാ ദാതാക്കളില്‍ ഒന്നാണ് ഐഡിബിഐ ബാങ്ക്.
ബാങ്കിലെ ഓഹരികള്‍ക്കായി താല്‍പ്പര്യ പ്രകടനങ്ങളും പ്രാഥമിക ബിഡുകളും സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 16 ആണ്. സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ബാങ്കിന്റെ 94.71 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നു. ഇതില്‍ 60.72% ഓഫ്‌ലോഡ് ചെയ്യാനാണ് ശ്രമം.
വിജയിച്ച ബിഡര്‍ 5.28% പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് ഏറ്റെടുക്കുന്നതിന് ഒരു ഓപ്പണ്‍ ഓഫര്‍ നല്‍കേണ്ടതുണ്ട്.