
ന്യൂഡൽഹി: ഐഡിബിഐയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പിന്മാറുമെന്ന് ഡിപാം (DIPAM) സെക്രട്ടറി തുഹിന്‍ കാന്ത. ആദ്യഘട്ട വില്‍പ്പനയ്ക്ക് ശേഷം ഓഹരി വില ഉയരുന്ന മുറയ്ക്കാവും പിന്മാറ്റം. 30.5 ശതമാനം ഓഹരികളാണ് കേന്ദ്രം വില്‍ക്കാന്‍ ഒരുങ്ങുന്നത്.
എല്‍ഐസിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് 60.72 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. കേന്ദ്രത്തിന് 45.84 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരി വിഹിതമാണ് ബാങ്കിലുള്ളത്. ഒറ്റയടിക്ക് വില്‍പ്പന നടത്തിയാല്‍ ഉയരാന്‍ ഇടയുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് രണ്ട് ഘട്ടമായുള്ള പിന്മാറ്റം എന്നാണ് വിലയിരുത്തല്‍.
ഐഡിബിഐ ഏറ്റെടുക്കാന്‍ ആഭ്യന്തര-വിദേശ നിക്ഷേപകര്‍ താല്‍പ്പര്യപത്രം സമര്‍പ്പിച്ചതായും ഡിപാം സെക്രട്ടറി അറിയിച്ചു. ഓഹരി വില്‍പ്പനയ്ക്ക് ശേഷം ഐഡിബിഐ സ്വകാര്യ ബാങ്കായി മാറും. സിഎസ്ബി ബാങ്ക് പ്രൊമോട്ടറും കനേഡിയന്‍ ശതകോടീശ്വരനുമായ പ്രേം വാത്സവ ഉള്‍പ്പടെയുള്ളവര്‍ ഐഡിബിഐ ഏറ്റെടുക്കാന്‍ രംഗത്തുണ്ട്.
നിലവില്‍ 56.20 രൂപയാണ് ഐഡിബിഐ ഓഹരികളുടെ വില. ഇന്നലെ ബാങ്കിന്റെ ഓഹരികള്‍ ഇടിഞ്ഞത് 4.42 ശതമാനത്തോളം ആണ്.