ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെഡെക്‌സ്, മാസ്റ്റര്‍ കാര്‍ഡ്, അഡോബി തുടങ്ങിയ പ്രമുഖ അമേരിക്കന്‍ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും.
ടെക് മഹീന്ദ്ര, മാസ്‌ടെക്ക് തുടങ്ങിയ കമ്പനികളുടെ തലവന്‍മാരും മറ്റ് 1200 ഓളം പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങ്, വാഷിങ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററിലായിരിക്കും നടക്കുക.
വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമൊത്തുള്ള അത്താഴ വിരുന്നിന് ശേഷമായിരിക്കും പരിപാടി.
ചൈനയുമായുള്ള അസ്വാരസ്യങ്ങള്‍ മുറുകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ബൈഡന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം ചൈനയെ സംബന്ധിക്കുന്ന പരാമര്‍ശം മോദിയുടെ ഭാഗത്തുനിന്നുമുണ്ടാകില്ല. പക്ഷെ സ്വകാര്യ ചര്‍ച്ചകളില്‍ അദ്ദേഹം വിഷയം ഉന്നയിച്ചേയ്ക്കാം.
പ്രതിരോധ ആവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുക എന്നീ വിഷയങ്ങളായിരിക്കും ഇരു രാഷ്ട്രനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിര്‍ണ്ണായകമാകുക.