ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ അറിയിച്ചു.
ഇന്ന് രാത്രി ഏഴിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിച്ചത്.
17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഈ മാസം ഒന്നിനാണ് ചാന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിനരികിൽ എത്തിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയതോടെ അഞ്ച് ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും.
ഒടുവിൽ ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 17നായിരിക്കും ഇത്. ആഗസ്റ്റ് 23ന് വൈകിട്ട് സോഫ്റ്റ് ലാൻഡിങ്ങ് നടക്കും.
ജൂലൈ 14 ഉച്ചകഴിഞ്ഞ് 2.35ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3 ന്റെ യാത്ര നിലവില്‍ 22 ദിവസം പിന്നിട്ടു.
ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.