ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുക.
ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട് ദൂരം ചന്ദ്രയാൻ 3 വിജയകരമായി പിന്നിട്ടതായി ഐഎസ്ആർഒ അറിയിച്ചു.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദയാൻ 3ന്റെ യാത്ര ശനിയാഴ്ചത്തേക്ക് 22 ദിവസമാകും. ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്.
ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ 3 ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും.
17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂഗുരുത്വ വലയത്തില്‍ നിന്ന് പുറത്തു കടന്നത്.
ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.