
ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ റഷ്യന്‍ ക്രൂഡ് എണ്ണ ലഭ്യമായത് കാരണം ഇറക്കുമതി ചെലവ് കുറക്കാന്‍ സാധിച്ച രാജ്യമാണ് ഇന്ത്യ. അതേസമയം ചെലവ് പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് വലിയ നേട്ടമൊന്നും അവകാശപ്പെടാനാകില്ലെന്ന് കോടക് സെക്യൂരിറ്റീസ് വിലയിരുത്തുന്നു. മറ്റ് ചെലവുകള്‍ പരിഗണിക്കുമ്പോള്‍ മൊത്തം ചെലവ് ദുബായില്‍ നിന്നും ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിന് തുല്യമാകും.
റഷ്യന്‍ ഒഎംസിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയര എനര്‍ജി പോലുള്ള കമ്പനികള്‍ക്ക് റഷ്യന്‍ ക്രൂഡിന്റെ ആനുകൂല്യം കൂടുതല്‍ ലഭ്യമാകും. അതേസമയം ഇന്ത്യന്‍ എണ്ണകമ്പനികള്‍ ഗതാഗതത്തിനും ഇന്‍ഷൂറന്‍സിനുമായി കൂടുതല്‍ ചെലവഴിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, 2023 സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ അസംസ്‌കൃത വസ്തുക്കള്‍ക്കായി ചെലവഴിച്ചത് ബാരലിന് 115 ബില്യണ്‍ ഡോളറാണ്.
അതേസമയം ദുബായി ക്രൂഡ് വില 105 ബില്യണ്‍ ഡോളറും. ഇതിനര്‍ത്ഥം റഷ്യന്‍ ഓയില്‍ ഇറക്കുമതി വഴി ധനസമ്പാദനം നടത്താന്‍ ഐഒസിയ്ക്ക് സാധിച്ചില്ല എന്നാണ്, ബ്രോക്കറേജ് സ്ഥാപനം പറയുന്നു. സമാനമായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍) അസംസക്ൃത വസ്തുക്കള്‍ക്കായി ബാരലിന് 115 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍, മംഗലാപുരം റിഫൈനറീസ് ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡ് തുടങ്ങിയ വന്‍കിട സ്വതന്ത്ര റിഫൈനറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐഒസിയും ബിപിസിഎല്ലും ശക്തമായ ജിആര്‍എം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.