
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് കൊമ്പുകോർക്കാൻ ഉറപ്പിച്ച് ചൈന. പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയിൽനിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന.
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന പ്രഖ്യാപിച്ചത്. പുതിയ തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ചെന അറിയിച്ചു.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 ശതമാനം തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്ന് പറഞ്ഞതിനു പിന്നാലെയാണ് ചൈനയുടെ ‘പകരത്തിനു പകരം’ പ്രഖ്യാപനം. വ്യാപാര യുദ്ധം മറികടക്കാൻ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ഷി ആവശ്യപ്പെടുകയും ചെയ്തു.
യുഎസിലേക്കുള്ള ഇറക്കുമതിക്കു ചുമത്തിയ പകരംതീരുവ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്. ഇതിൽനിന്നു ചൈനയെ ഒഴിവാക്കിയ ട്രംപ് തീരുവ 125% ആക്കി ഉയർത്തുകയും ചെയ്തിരുന്നു.
ആദ്യം ചൈനയുടെ മേൽ 104% പകരംതീരുവ ചുമത്തിയ യുഎസ് നടപടിക്കെതിരെ ചൈന തിരിച്ചടിച്ചിരുന്നു. യുഎസ് ഉൽപന്നങ്ങൾക്ക് 84% തീരുവ ചുമത്തി. ഇതിൽ പ്രകോപിതനായ ട്രംപ് 125 ശതമാനമായി തീരുവ ഉയർത്തി.
പ്രതികാരച്ചുങ്കം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് ആനുകൂല്യമുണ്ടാവില്ലെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ നടപടി. തുടർന്നാണ് ഇന്നത്തെ ചൈനയുടെ പ്രഖ്യാപനം.