
ന്യൂഡൽഹി: ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സുപ്രധാന നീക്കമായി, 2025 ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഇന്ത്യൻ പൗരന്മാർക്ക് 85000-ത്തിലധികം വിസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു.
കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെ, ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് എക്സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ യാത്രാ പ്രക്രിയ ലളിതമാക്കാൻ നേരത്തേ തന്നെ ചൈന നടപടികൾ സ്വീകരിച്ചിരുന്നു. രാജ്യങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിന്, ഇന്ത്യൻ പൗരന്മാർ ഉൾപ്പെടുന്ന വിസ പ്രക്രിയയിൽ ചൈന നിരവധി ഇളവുകളും പ്രഖ്യാപിച്ചിരുന്നു.
നിർബന്ധിത ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ ഒഴിവാക്കൽ, വിസ ഫീസ് കുറയ്ക്കൽ തുടങ്ങിയവയാണ് ചൈനയുടെ വിസ നിയമങ്ങളിലുണ്ടായ പ്രധാന മാറ്റങ്ങൾ.
കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇന്ത്യയിലെ ചൈനീസ് എംബസിയും രാജ്യങ്ങളിലുടനീളം മറ്റു അധികാരികളും ചൈനീസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ
ചൈനീസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർ ഇനി ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് നിർബന്ധമില്ല. ഇത് വേഗതയേറിയതും സുഗമവുമായ വിസ അപേക്ഷയ്ക്ക് വഴിയൊരുക്കും.
ഇന്ത്യൻ അപേക്ഷകർക്ക് ഹ്രസ്വകാലത്തേക്ക് ചൈന സന്ദർശിക്കണമെങ്കിൽ അവരുടെ ബയോമെട്രിക് ഡാറ്റ സമർപ്പിക്കേണ്ടതില്ല. ഇത് വിസ പ്രോസസ്സിങ്ങ് സമയം കുറയ്ക്കുന്നു.
ചൈനയിലേക്ക് കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ചൈനീസ് വിസയുടെ ഫീസും കുറച്ചു.
ഈ വർഷം ജനുവരിയിൽ, ഏകദേശം അഞ്ച് വർഷത്തിന് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും വ്യാപാര, സാമ്പത്തിക വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കാനും ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നു.
ഇന്ത്യയിലെ ഉന്നത നയതന്ത്രജ്ഞൻ വിക്രം മിസ്രിയും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ തീരുമാനം.
2020-ൽ ഹിമാലയ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു.
അതിർത്തിയിലെ സൈനിക സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഒരു കരാറിൽ ഒക്ടോബറിൽ ഒപ്പുവച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു.
അതേമാസം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയിൽവെച്ച് ചർച്ചയും നടത്തിയിരുന്നു.