നാളെ ഭൂമിയിൽ സ്വർണം തീർന്നുപോകുമോ..? ആ മട്ടിലാണ് ചൈന സ്വർണം വാങ്ങിക്കൂട്ടുന്നത്. നിലവിൽ സ്വർണം വാങ്ങിക്കൂട്ടുന്നതിൽ ഒന്നാം സ്ഥാനത്താണ് ചൈന. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യമായിരുന്നു ഇന്ത്യ.
എന്നാൽ, ഇക്കാര്യത്തിൽ ചൈന ഇന്ത്യയെക്കാൾ മുന്നിലെത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന കാര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ഒരു മത്സരമാണ് നടക്കുന്നത്. 2022-ൽ ഇന്ത്യയുടെ സ്വർണ്ണാഭരണ ഡിമാൻഡ് 600.56 ടണ്ണായിരുന്നു.
ചൈനയിലെ ഡിമാന്റ് 570.8 ടണ്ണും. 2023 ൽ ചൈനയുടെ സ്വർണ്ണ ഉപഭോഗം 630 ടണ്ണായി ഉയർന്നു, ഇന്ത്യയുടെ ഉപഭോഗം 562.3 ടണ്ണായി കുറയുകയും ചെയ്തു. സ്വർണവില കുത്തനെ കൂടുന്ന സമയത്താണ് ചൈന സ്വർണവിപണിയിലേക്ക് ശക്തമായി കടന്നുവരുന്നത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം, ഗാസയിലെ യുദ്ധം എന്നിവയ്ക്ക് പിന്നാലെയാണ് സ്വർണവില വർധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കാണ് നിക്ഷേപകർ സ്വർണം വാങ്ങുന്നത്.
ചൈനയുടെ സ്വർണപ്രേമത്തിന് കാരണം
ചൈന ഗോൾഡ് അസോസിയേഷന്റെ കണക്കനുസരിച്ച് ചൈനയിലെ സ്വർണ്ണ ഉപഭോഗം ആദ്യ പാദത്തിൽ തന്നെ 6% ആണ് ഉയർന്നത്. കഴിഞ്ഞ ഒരു വർഷത്തെ വളർച്ച 9% മാത്രമായിരുന്നു.
പരമ്പരാഗത നിക്ഷേപങ്ങൾ ദുർബലമായതോടെ ചൈനക്കാർക്ക് സ്വർണം കൂടുതൽ ആകർഷകമായി. ചൈനയുടെ റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലാണെന്നതും സ്വർണത്തോടുള്ള ചൈനക്കാരുടെ പ്രിയം വർധിപ്പിച്ചു.
സ്വർണ്ണ വ്യാപാരം നടത്തുന്ന ചൈനീസ് ഫണ്ടുകളിലേക്ക് ധാരാളം നിക്ഷേപമെത്തിയിട്ടുണ്ട്. നിരവധി ചെറുപ്പക്കാർ നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാനും തുടങ്ങി. ജനുവരി-മാർച്ച് കാലയളവിൽ ആളുകൾ സ്വർണം വാങ്ങുന്നത് മുൻവർഷത്തേക്കാൾ 34 ശതമാനം കൂടുതലാണ്.
ലോകത്ത് ഏറ്റവുമധികം സ്വർണം ഖനനം ചെയ്യുന്നത് ചൈനയാണ്, എന്നിട്ട് പോലും ഉയർന്ന ഡിമാന്റ് കാരണം വലിയ തോതിൽ സ്വർണം ഇറക്കുമതി ചെയ്യേണ്ടി വരും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2800 ടണ്ണിലധികം സ്വർണമാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് ചൈന വാങ്ങിയത്.
ഇത് യുഎസ് ഫെഡറൽ റിസർവിന്റെ ആകെ സ്വർണശേഖരത്തിന്റെ മൂന്നിലൊന്നിന് തുല്യമാണ്.
സ്വർണം വാങ്ങിക്കൂട്ടി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന
ചൈനയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതിൽ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും ഒട്ടും പുറകിലല്ല. മാർച്ചിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടർച്ചയായി 17-ാം മാസവും സ്വർണശേഖരം വർധിപ്പിച്ചു.
കഴിഞ്ഞ വർഷം ബാങ്ക് ലോകത്തിലെ മറ്റേതൊരു കേന്ദ്ര ബാങ്കിനെക്കാളും കൂടുതൽ സ്വർണം വാങ്ങി . ചൈന മുമ്പ് യുവാൻ ഉപയോഗിച്ച് ആഭ്യന്തരമായി സ്വർണം വാങ്ങിയിരുന്നു, എന്നാൽ ഇത്തവണ കേന്ദ്ര ബാങ്ക് സ്വർണം വാങ്ങാൻ വിദേശ കറൻസികളും ഉപയോഗിക്കുന്നുണ്ട്.
റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ അവരുടെ ഡോളർ ശേഖരം മരവിപ്പിക്കാൻ യുഎസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ചൈന ഉൾപ്പെടെയുള്ള പല സെൻട്രൽ ബാങ്കുകളും സ്വർണം വാങ്ങാൻ തുടങ്ങി.
അതേ സമയം ഇപ്പോഴും ചൈനയുടെ ആകെ വിദേശനാണ്യ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം 4.6% മാത്രമാണ്.