
ബെയ്ജിങ്: സമ്മർദങ്ങൾക്ക് വഴങ്ങി യുഎസുമായി വ്യാപാരക്കരാറുണ്ടാക്കിയാൽ തിരിച്ചടിയുണ്ടാവുമെന്ന് ലോകരാജ്യങ്ങൾക്ക് ചൈനയുടെ മുന്നറിയിപ്പ്. ‘ചൈനയുടെ ചെലവിൽ’ യുഎസുമായി കരാറുണ്ടാക്കാനുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് വ്യാപാരപങ്കാളികൾക്ക് ചൈനീസ് വാണിജ്യമന്ത്രാലയം മുന്നറിയിപ്പുനൽകി.
ഇറക്കുമതിത്തീരുവയിൽ ഇളവുനൽകുന്നതിന് പകരമായി ചൈനയുമായുള്ള വ്യാപാരം പരിമിതപ്പെടുത്തണമെന്ന് രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകൾക്ക് മറുപടിപറയുകയായിരുന്നു വാണിജ്യമന്ത്രാലയ വക്താവ്.
ഏകപക്ഷീയവും അന്യായവുമായ തീരുവ ചുമത്തി മറ്റുരാജ്യങ്ങളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് യുഎസ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയിലും വ്യാപാരത്തിലും ആധിപത്യം നേടാനുള്ള തന്ത്രമാണിത്.
ഇതിനുവഴങ്ങില്ലെന്നും രാജ്യത്തിന്റെ താത്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനുള്ള കഴിവ് ചൈനയ്ക്കുണ്ടെന്നും അവർ പറഞ്ഞു.
ചൈനയുമായും യുഎസുമായും വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്ക് ചൈനയുടെ നിലപാട് പ്രതിസന്ധിയുണ്ടാക്കും.
യുഎസിന്റെ ഇറക്കുമതിത്തീരുവ നയത്തെ എതിർത്തതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്കെതിരേ 245 ശതമാനം തീരുവ ചുമത്തുകയും മറ്റുരാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ താത്‌കാലികമായി നിർത്തുകയും ചെയ്തിരുന്നു.