
ബെയ്ജിങ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് കുത്തനെ ഉയർത്തിയതോടെ വില വർധിച്ച ബോയിങ് വിമാനം വാങ്ങാതെ ചൈന.
ചൈനയുടെ ഷിയാമെൻ എയർലൈൻസിനുവേണ്ടി ആവശ്യപ്പെട്ട ബോയിങ്ങിന്റെ 737 മാക്സ് ജെറ്റ് വിമാനമാണ് സർക്കാർ തിരിച്ചയച്ചത്.
യു.എസ് ഉൽപന്നങ്ങൾക്ക് ട്രംപ് 145 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഷിയാമെൻ എയർലൈൻസിന്റെ നീല, വെള്ള നിറങ്ങളിലുള്ള വിമാനം വാഷിങ്ടണിലെ സീറ്റിലിലുള്ള ബോയിങ് ഫീൽഡിൽ തിരിച്ചിറങ്ങിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ബോയിങ് ഏറ്റവും അധികം വിൽക്കുന്ന വിമാനമാണ് 737 മാക്സ് ജെറ്റ്. 55 ദശലക്ഷത്തോളം ഡോളറാണ് വില. മാർച്ച് വരെയുള്ള കണക്ക് പ്രകാരം ചൈനയിൽനിന്ന് 130 വിമാനങ്ങൾക്ക് ഓർഡർ ലഭിച്ചിരുന്നു.
എന്നാൽ, താരിഫ് ഉയർത്തിയ പശ്ചാത്തലത്തിൽ യു.എസ് കമ്പനികളിൽനിന്ന് വിമാനം വാങ്ങുന്നത് താൽക്കാലികമായി നിർത്താൻ കമ്പനികൾക്ക് ചൈനീസ് സർക്കാർ നിർദേശം നൽകിയിരുന്നു.