ബെയ‍്ജിങ്: ചൈനയിലെ ദുർബലമായ സാമ്പത്തിക റിപ്പോർട്ടുകൾക്കു പിന്നാലെ, തൊഴിലില്ലായ്മയും വർധിക്കുന്നതായി റിപ്പോർട്ടുകൾ. തുടർച്ചയായ രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് രാജ്യത്തെ തൊഴിലില്ലായ്മ.
കോവിഡ് നിയന്ത്രണങ്ങളും പണപ്പെരുപ്പവും ചൈനയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 16നും 24നുമിടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 20.8 ശതമാനമാണ്.
ഏപ്രിലിലിത് 20.4 ശതമാനമായിരുന്നു. നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
വ്യാവസായിക ഉൽപാദനം മാർച്ചിൽ 5.6 % ഇടിഞ്ഞതിനു ശേഷം മേയിൽ 3.5% ഉയർന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറിയതിനു ശേഷം രാജ്യത്തെ ഉൽപാദന മേഖലയിലെ തിരിച്ചു വരവാണ് നേട്ടത്തിന്റെ പ്രധാന കാരണം.
ഇതോടെ ചില്ലറ വില്‍പനയിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. കോവിഡിനു മുൻപത്തെ സാമ്പത്തിക സ്ഥിതിയിലേക്ക് രാജ്യം തിരിച്ചെത്തുന്നതായാണ് റിപ്പോർട്ടുകൾ.
ഇതോടെ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ.