പോയ വർഷം ഏറ്റവും വലിയ ഇടിവ് നേരിട്ട ഓഹരി വിപണിയാണ് ചൈനയുടേത്. ചൈനയുടെ സാമ്പത്തിക വളർച്ച കുറയുന്നത് ആ രാജ്യത്തിന് തിരിച്ചടിയാണ്.
റെക്കോഡ് നിരക്കിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മയും പ്രോപ്പർട്ടി മേഖലയിലെ പ്രശ്നങ്ങളും എല്ലാം ചൈന നേരിടപുന്ന വെല്ലുവിളികളായി മാറിക്കഴിഞ്ഞു. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ചൈനീസ് സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണ്.
ചൈനയുടെ സാമ്പത്തിക നയങ്ങൾ തന്നെ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. ചൈനീസ് സമ്പദ്‌വ്യവസ്ഥ 2023-ൽ വേഗത്തിൽ തിരിച്ചു കയറുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.
ആഗോള സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകും എന്ന പ്രതീക്ഷകൾ അസ്ഥാനത്തായി. ഉൽപാദനം ഇടിഞ്ഞത് ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചക്കും വെല്ലുവിളിയായെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.
നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ഈ വർഷം ഔദ്യോഗിക വളർച്ചാ ലക്ഷ്യമായ അഞ്ചു ശതമാനം വളർച്ച കൈവരിക്കുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും കരുതിയിരുന്നു.
എന്നാൽ അത് ഇപ്പോഴും കോവിഡിന് മുമ്പുള്ള ആറു ശതമാനത്ലതിധികം വാർഷിക വളർച്ചയ്ക്ക് വളരെ താഴെയാണ്. 2024 കൂടുതൽ അപകടകരമാണ്. ദശാബ്ദങ്ങൾ നീണ്ട സ്തംഭനാവസ്ഥയിലേക്ക് രാജ്യത്തിൻെറ സമ്പദ് വ്യവസ്ഥ നീങ്ങിയേക്കാം എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
വലിയ വിപണി പരിഷ്‌കാരങ്ങളില്ലാതെ ഇനി ചൈനീസ് സമ്പദ് വ്യവസ്ഥക്ക് വളർച്ച കൈവരിക്കാനാകില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ പലതും ദാരിദ്ര്യത്തിൽ നിന്ന് വേഗത്തിൽ കരകയറുന്നുണ്ട്. എന്നാൽ ചൈനയുടെ സ്ഥിതി അതല്ല.
1978-ൽ ചൈന ലോകത്തിനായി വിപണി തുറന്നതു മുതൽ പതിറ്റാണ്ടുകളായി, ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായിരുന്നു ചൈനയുടേത്. 1991 നും 2011 നും ഇടയിൽ, പ്രതിവർഷം 10.5 ശതമാമായിരുന്നു വളർച്ച.
ചൈനീസ് നേതാവ് ഷി ജിൻപിങ്ങിന്റെ ഭരണകാലത്ത് ഈ സാമ്പത്തിക വളർച്ച അൽപ്പം മന്ദഗതിയിലായി. എന്നാൽ 2021 വരെയുള്ള ദശകത്തിൽ ഇത് 6.7 ശതമാനം ആയിരുന്നു. എന്നാൽ പിന്നീട് വീണ്ടും കൂപ്പു കുത്തി.
ദുർബലമായ ഉൽപ്പാദനക്ഷമതയും പ്രായമായവരുടെ ഉയർന്ന ജനസംഖ്യയും ഇപ്പോൾ ചൈന നേരിടുന്ന വെല്ലുവിളികളാണ്.
2028-ൽ ചൈനയുടെ സാമ്പത്തിക വളർച്ച 3.5 ശതമാനം ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.