
ബീജിംഗ്: തീരുവയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ചൈനയും അമേരിക്കയും തമ്മില്‍ പരസ്പരം പോരടിക്കുന്നതിനിടെ മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ചൈെന.
തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന തരത്തില്‍ അമേരിക്കയുമായി വിശാലമായ ബിസിനസ് കരാറുകള്‍ ഉണ്ടാക്കുന്നതിനെതിരെ എല്ലാ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചൈന.
ചൈനീസ് താല്‍പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള കരാറുകളിലേര്‍പ്പെട്ടാല്‍ ദൃഢനിശ്ചയത്തോടെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
തുല്യവും നീതിയുക്തവുമായ കൂടിയാലോചനകളിലൂടെ യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന രാജ്യങ്ങളെ ചൈന ബഹുമാനിക്കുന്നു. എന്നാല്‍, ചൈനയുടെ ചെലവില്‍ നടത്തുന്ന ഏതൊരു കരാറിനെയും ശക്തമായി എതിര്‍ക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
ഏതെങ്കിലും രാജ്യം യുഎസുമായി അത്തരം ഇടപാടുകള്‍ നടത്തുന്ന സാഹചര്യം ഉണ്ടായാല്‍, ചൈന തിരിച്ചടിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
യുഎസിനെ ശക്തമായി വിമര്‍ശിച്ച് ചൈന
എല്ലാ വ്യാപാര പങ്കാളികളുടെയും മേലുള്ള താരിഫുകള്‍ അമേരിക്ക ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ചൈന ആരോപിച്ചു. അതേസമയം എല്ലാ രാജ്യങ്ങളോടും അവരുമായുള്ള തീരുവ ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്നും ചൈന ചൂണ്ടിക്കാട്ടി.
ബീജിംഗുമായുള്ള വ്യാപാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി യുഎസില്‍ നിന്നും താരിഫ് ഇളവ് തേടുന്ന രാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെടാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതിനിടെയാണ് ചൈന് മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ചൈന ഇപ്പോള്‍ 245 ശതമാനം വരെ തീരുവ നേരിടുന്നണ്ട്. ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധിക താരിഫുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏകദേശം 50 രാജ്യങ്ങള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഈ മാസം ആദ്യം യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ പറഞ്ഞിരുന്നു.
അതേസമയം, രണ്ട് വലിയ സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള താരിഫ് യുദ്ധത്തിനിടയില്‍ ചൈന നിരവധി തവണ യുഎസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.